India - 2025

കേരളത്തെ അന്നമൂട്ടിയ ജനതയെ ആട്ടിയോടിക്കുന്നു: മാർ ജോസ് പുളിക്കൽ

പ്രവാചകശബ്ദം 16-06-2022 - Thursday

കോട്ടയം: ജനിച്ചു വളർന്ന നാടും അദ്ധ്വാനിച്ച മണ്ണും തട്ടിപ്പറിച്ചെടുത്ത് നാടിനെയും നാട്ടുകാരേയും അന്നമൂട്ടിയ ജനതയെ ആട്ടിയോടിക്കുകയാണെന്ന് കെസിബിസി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ. കോട്ടയം ആമോസ് സെന്ററിൽ വച്ച് നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നാല്പത്തൊന്നാമത് വാർഷികയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫർസോൺ എന്ന പേരിൽ ഒരു ജനതയെ ആക്രമിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണം. കേരള സർക്കാരും പ്രതിപക്ഷവും ഇതിനായി ഉടനടി നടപടിയെടുക്കുകയും കർഷക ജനതയെ സംരക്ഷിക്കുവാൻ മുന്നോട്ട് വരുകയും ചെയ്യണമെന്ന് മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു.

കേരള സമൂഹത്തിൽ ക്രൈസ്തവ ജനതയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ഈ സമൂഹം അർഹിക്കുന്ന വളർച്ച കൈവരിക്കാനായിട്ടില്ലെന്നും യോഗം ഉത്ഘാടനം ചെയ്ത കേരള സംസ്ഥാന ക്രൈസ്തവ മൈനോറിറ്റി കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ. ബി. കോശി അഭിപ്രായപ്പെട്ടു. ഒരുമിച്ചു നിന്ന് അവകാശങ്ങൾ നേടിയെടുക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ പോൾ മൂഞ്ഞേലി, തോമസ് പാറയ്ക്കൽ, എന്നിവർ പങ്കെടുത്തു.

കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളുടെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളുടെ ഡയറക്ടർമാരായ വൈദികരും അത്മായ പ്രതിനിധികളും സംബന്ധിച്ചു. ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും സി. ജെസ്സീന എസ്. ആർ. എ. നന്ദിയും പറഞ്ഞു. ചടങ്ങിൽ ഏറ്റവും നല്ല പരിസ്ഥിതി സംരക്ഷണ സ്ഥാപനത്തിനുള്ള ഫാ. അബ്രാഹം മുത്തോലത്ത് ഫൗണ്ടേഷൻ നർച്ചർ ഇക്കോളജി അവാർഡ് കോട്ടപ്പുറം ഇൻറഗ്രേററഡ് ഡവലപ്മെന്റ് സൊസൈറ്റിയും ഏറ്റവും നല്ല വാർഷിക റിപ്പോർട്ടിനുളള അവാർഡ് ഇരിഞ്ഞാലക്കുട സോഷ്യൽ ആക്ഷൻ ഫോറവും കരസ്ഥമാക്കി.


Related Articles »