India - 2024

ബഫര്‍ സോണ്‍: കെസിബിസി പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കാണും

പ്രവാചകശബ്ദം 29-06-2022 - Wednesday

കൊച്ചി: കേരളത്തിലെ സാമാന്യജനങ്ങളെ ബാധിക്കുന്ന - വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍/ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ആശങ്ക ഉന്നയിച്ചുകൊണ്ട് കെസിബിസിയുടെ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കും. സ്വന്തം ആവശ്യത്തിനല്ലാതെ കൃഷി ചെയ്യുന്നതും മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നത് പോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബഫര്‍ സോണ്‍. ഇതിനുള്ളില്‍ വരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരയായി ജനിച്ച മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് കെ‌സി‌ബി‌സി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 29.65 ശതമാനവും സംരക്ഷിത വനങ്ങളാണ്. 2021 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് (കടഎഞ) പ്രകാരം കേരളത്തിലെ വൃക്ഷാവരണം 59.79 ശതമാനമാണ്. (ദേശീയ ശരാശരി 36.18 മാത്രമാണ്). ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.2 ശതമാനം മാത്രം വിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 4 ശതമാനം (24 എണ്ണം) നിലനില്‍ക്കുന്നത്. ജനസാന്ദ്രത ദേശീയ ശരാശരി വെറും 382 മാത്രമുള്ളപ്പോള്‍ കേരളത്തിലേത് 859 ആണെന്ന കാര്യവും പരിഗണിക്കേണ്ടതായുണ്ട്.

ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്, ദുഷ്‌കരമായ സാഹചര്യത്തിലും കേരളം ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഏകശിലാരൂപത്തില്‍ വന്ന വനനിയമങ്ങള്‍ കേരളത്തിലെ റവന്യു ഭൂമിയില്‍ അടിച്ചേല്‍പ്പിക്കുന്നത് സാമാന്യ നീതിയുടെ ലംഘനവുമാണെന്നും വ്യക്തമാകുന്നു. ആയതിനാല്‍ എല്ലാവിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടല്‍ നടത്തണം.

സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനുമുമ്പുതന്നെ സംസ്ഥാനസര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച് ഇക്കോ സെന്‍സിറ്റീവ് സോണ്‍ /ബഫല്‍ സോണ്‍ കേരളത്തിന്റെ സംരക്ഷിത വനത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കണം. മാത്രമല്ല കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണമെന്ന പ്രമേയം നിയമസഭ പാസാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെസിബിസിയുടെ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »