India - 2025

ഫാ. മൈക്കിള്‍ കാരിമറ്റത്തിനു മല്‍പ്പാന്‍ പദവി

പ്രവാചകശബ്ദം 02-07-2022 - Saturday

കാക്കനാട്: തലശ്ശേരി അതിരൂപതാംഗവും പ്രശസ്ത ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിനു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മല്‍പാന്‍ പദവി നല്‍കി ആദരിക്കുന്നു. സീറോമലബാര്‍ മെത്രാന്‍ സിനഡിന്‍റെ തീരുമാനപ്രകാരമാണു ഫാ. മൈക്കിള്‍ കാരിമറ്റത്തിനു ഈ പദവി നല്‍കുന്നത്. പാണ്ഡിത്യംകൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും വിശ്വാസപരിശീലന വിശ്വാസസംരക്ഷണ മേഖലകളില്‍ അതിവിശിഷ്ട സംഭാവനകള്‍ നല്‍കുന്ന വൈദികര്‍ക്കാണു സിനഡ് മല്‍പാന്‍ പദവി നല്‍കുന്നത്.

1942 ആഗസ്റ്റ് പതിനൊന്നിനാണു മൈക്കിളച്ചന്‍റെ ജനനം. കോഴിക്കോട് ജില്ലയിലെ കുളത്തുവയല്‍ ഹൈസ്കൂളില്‍നിന്നു പഠനം പൂര്‍ത്തിയാക്കി തലശ്ശേരി സെമിനാരിയില്‍ ചേര്‍ന്നു. ആലുവയിലും റോമിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയശേഷം 1962 ജൂണ്‍ 29ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്നു റോമിലെ പ്രശസ്തമായ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വിശുദ്ധഗ്രന്ഥത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. പി. ഒ. സി ബൈബിള്‍ മലയാള പരിഭാഷയുടെ എഡിറ്റര്‍, തലശ്ശേരി സന്ദേശഭവന്‍ ഡയറക്ടര്‍, ചാലക്കുടി ഡിവൈന്‍ ബൈബിള്‍ കോളേജിന്‍റെ പ്രിന്‍സിപ്പാള്‍, തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. നാല്പതിലധികം ഗ്രന്ഥങ്ങള്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്.

നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം രചിച്ച ബൈബിള്‍ ചിത്രകഥയുടെ 54 പുസ്തകങ്ങള്‍ പതിനാല് ഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ബൈബിള്‍ കമന്‍ററികള്‍ രൂപപ്പെടുത്തുന്നതിലും മൈക്കിളച്ചന്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. കാലത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബൈബിള്‍ സന്ദേശം പ്രചരിപ്പിക്കുന്നതിനു മീഡിയ ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ചാനലുകളിലൂടെ ആയിരത്തിലധികം പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. നിരവധി സി. ഡി. കളും കാസറ്റുകളും പുറത്തിറക്കിയ മൈക്കിളച്ചന്‍ നവസാമൂഹ്യമാധ്യമങ്ങളും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.

1999ല്‍ ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയും 2009ല്‍ മേരിവിജയം മാസികയും അദ്ദേഹത്തിനു പ്രത്യേക അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. 2012 ല്‍ കെ. സി. ബി. സി. യുടെ മാധ്യമകമ്മീഷന്‍ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രഭാഷങ്ങളിലൂടെയും പുസ്തകരചനയിലൂടെയും വിശ്വാസസംരക്ഷണത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന മൈക്കിളച്ചന്‍ ഇപ്പോള്‍ തൃശൂര്‍ മേരിമാതാ സെമിനാരിയില്‍ അധ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.