News

വയോധികർക്കു വേണ്ടി ജൂലൈ മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥനാനിയോഗം

പ്രവാചകശബ്ദം 02-07-2022 - Saturday

വത്തിക്കാന്‍ സിറ്റി: ജനതയുടെ വേരുകളെയും, ഓർമ്മകളെയുമാണ് വയോധികർ പ്രതിനിധീകരിക്കുന്നതെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ച് വയോധികർക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥനാനിയോഗം . ജൂലൈ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് വയോധികരെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ പാപ്പയുടെ ആഹ്വാനമുള്ളത്. വയോധികരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാതെ, കുടുംബമെന്ന ആശയത്തെക്കുറിച്ച് നമുക്ക് സംസാരിക്കാനാകില്ലായെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്. വയോധികരെ സഹായിക്കാനായി പല പദ്ധതികളും നിലവിലുണ്ടെങ്കിലും, അവരുടെ അസ്തിത്വത്തെ പരിഗണിക്കുന്ന കാര്യങ്ങള്‍ വളരെ പരിമിതമാണെന്ന് പാപ്പ പറഞ്ഞു.

വയോധികരായ തങ്ങൾക്ക്, പരിചരണത്തിനെക്കുറിച്ചും, വിചിന്തനത്തെക്കുറിച്ചും, വാത്സല്യത്തെക്കുറിച്ചും, പ്രത്യേകമായ സൂക്ഷ്മബോധമുണ്ട്. യുദ്ധങ്ങൾ ശീലമായ ഈ ലോകത്ത്, ആർദ്രതയുടെ ഒരു വിപ്ലവമാണ് നമുക്ക് ആവശ്യമുള്ളത്. ഇതില്‍, യുവജനങ്ങളുടെ കാര്യത്തിൽ നമുക്ക് വലിയൊരു ഉത്തരവാദിത്വമുണ്ട്. നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിക്കുന്ന അപ്പമാണ് മുത്തശ്ശീമുത്തച്ഛന്മാരും വയോധികരും. അവർ ഒരു ജനതയുടെ മറഞ്ഞിരിക്കുന്ന ജ്ഞാനമാണ്. അതുകൊണ്ടുതന്നെ അവരെയോർത്ത് നാം സന്തോഷിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. തങ്ങളുടെ അനുഭവങ്ങളുടെയും ജ്ഞാനത്തിന്റെയും സഹായത്തോടെ, പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടും കൂടി ഭാവിയിലേക്ക് നോക്കാൻ യുവജനങ്ങൾക്ക് സാധിക്കുന്നതിനുവേണ്ടി, ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കുവേണ്ടി പ്രാർത്ഥിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്.




Related Articles »