India - 2025

ക്രൈസ്തവർക്കിടയിൽ വർഗീയതയുടെ വിത്ത് വിതയ്ക്കാൻ ശ്രമം, അവരെ തിരിച്ചറിയണം: മുന്നറിയിപ്പുമായി മാർ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 29-04-2024 - Monday

കണ്ണൂർ: ക്രൈസ്തവർക്കിടയിൽ ഭിന്നതയുടെയും വർഗീയതയുടെയും വിത്ത് വിതയ്ക്കാൻ ഒളിഞ്ഞും തെളിഞ്ഞും പലരും ശ്രമിക്കുന്നുണ്ടെന്നു തിരിച്ചറിയണമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളുടെ പേരും പറഞ്ഞ് വർഗീയ വിഷം വിതയ്ക്കാൻ ആരും പരിശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരുപത കെസിവൈഎം, എസ്എംവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പേരിയിൽ സംഘടിപ്പിച്ച നസ്രാണി യുവജന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തു കയായിരുന്നു ആർച്ച് ബിഷപ്പ്.

സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിന് വില പറയാൻ ആരേയും അനുവദിക്കരുത്. യുവജനങ്ങൾ വിവേകവും കരുത്തുമുള്ളവരാകണം. നമ്മുടെ പെൺക്കുട്ടികളുടെ രക്ഷകരായി പലരും രംഗ പ്രവേശനം ചെയ്യുന്നുണ്ട്. തലശേരി അതിരൂപതയിലെ പെൺകുട്ടികൾ ആത്മാഭിമാനമുള്ളവരാണ്. ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകാത്ത വിധം നട്ടെല്ലുള്ളവരാണ് നമ്മുടെ പെൺകുട്ടികൾ. നമ്മുടെ പെൺമക്കളെ സംരക്ഷിക്കാൻ നമ്മുടെ സമുദായത്തിനറിയാമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ക്രൈസ്ത‌വർക്ക് പങ്കുവയ്ക്കാൻ ഒരു സ്റ്റോറിയേയുള്ളു. അത് നസ്രായന്റെ സ്റ്റോറിയാണ്. അതിരുകളില്ലാത്ത മഹത്വമാണ് മനുഷ്യത്വം. ക്രൈസ്‌തവർ എല്ലാവരെയും മനുഷ്യത്വത്തിൻ്റെ പേരിൽ ചേർത്തു നിർത്തും. ദൈവത്തെ കാണാൻ അവിടെയും ഇവിടെയും നോക്കേണ്ടതില്ല. നമ്മുക്ക് ചുറ്റുമുള്ള വ്യക്തികളിൽ ദൈവത്തിൻ്റെ തിരുമുഖം കാണാൻ കഴിയുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.


Related Articles »