India - 2025

റവ. ഡോ. മൈക്കിൾ കാരിമറ്റത്തിന് മല്‍പ്പാൻ പദവി നൽകി ആദരിച്ചു

പ്രവാചകശബ്ദം 04-07-2022 - Monday

കൊച്ചി: വിശ്വാസപരിശീലന വിശ്വാസ സംരക്ഷണ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകിയ തലശേരി അതിരൂപതാംഗവും ബൈബിൾ പണ്ഡിതനുമായ റവ. ഡോ. മൈക്കിൾ കാരിമറ്റത്തിന് മല്‍പ്പാൻ പദവി നൽകി മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. മൈക്കിൾ കാരിമറ്റത്തിലച്ചന്റെ ഏതാനും ഗ്രന്ഥങ്ങളും സമ്മേളനത്തിൽ പ്രകാശനം ചെയ്തു. സീറോ മലബാർ സഭയിൽ മൽപ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ വൈദികനായ മൈക്കിൾ കാരിമറ്റത്തിലച്ചനെ അഭിനന്ദിച്ച മാർ ആലഞ്ചേരി വിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു.

ഒട്ടും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ ആവശ്യപ്പെട്ടതോ അല്ല പുതിയ പദവിയെന്ന് മറുപടി പ്രസംഗത്തിൽ ഫാ. മൈക്കിൾ കാരിമറ്റം പറഞ്ഞു. തനിക്കു ലഭിച്ചു എന്നതിലുപരി, ദൈവവചനത്തിന് സീറോ മലബാർ സഭ നല്കുന്ന അഗീകാരമായാണ് ഇതിനെ കാണുന്നതെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണ്ഡിത്യംകൊണ്ടും പ്രബോധനങ്ങൾകൊണ്ടും വിശ്വാസപരിശീലന സംരക്ഷണ മേഖലകളിൽ അതിവിശിഷ്ട സംഭാവനകൾ നൽകുന്ന വൈദികർക്കാണ് മല്‍പ്പാൻ പദവി നൽകുന്നത്.