India - 2025

കർദ്ദിനാളിനെതിരെ വ്യാജ പ്രചരണം നടത്തിയവർ മാപ്പു പറയണം: സീറോ മലബാർ അൽമായ ഫോറം

പ്രവാചകശബ്ദം 13-07-2022 - Wednesday

കൊച്ചി: എറണാകുളം - അങ്കമാലി ഭൂമിയിടപാടിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സത്യസന്ധതയും നീതിയും ഉയർത്തിപ്പിടിക്കുന്നുവെന്നും ഇത്രയും നാൾ അദേഹത്തെ അകാരണമായി വേട്ടയാടിയവർ വിശ്വാസിസമൂഹത്തിനു മുൻപിൽ മാപ്പു പറയണമെന്നും സീറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. ഒരു അതിരൂപതയുടെ വിശ്വാസികളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചവർ തീർച്ചയായും കാനോനിക നിയമ നടപടികൾ നേരിടണം. മേജർ ആർച്ച് ബിഷപ്പിനെ പരസ്യമായി അവഹേളിച്ചവർ ഇനിയും അത് തുടർന്നാൽ കടുത്ത നിയമ നടപടികളിലേക്ക് കടക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

കത്തോലിക്ക സഭയിൽ അച്ചടക്കമില്ലായ്മ വച്ച് പൊറുപ്പിക്കരുത്. വിശ്വാസികളുടെ പിന്തുണയില്ലാതെ അജപാലന സെന്ററുകളിൽ ഇരുന്നുകൊണ്ട് വിമത പുരോഹിതർ നടത്തുന്ന നിഗൂഢ നീക്കങ്ങൾ വിശ്വാസികൾ കൂടി ചേർന്ന് അവസാനിപ്പിക്കണം. വിമത നീക്കങ്ങൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിയപ്പെടും. സീറോമലബാർ സഭ നിഷ്ക്കര്ഷിക്കുന്ന വിശുദ്ധ കുർബാന എത്രയും വേഗത്തിൽ എറണാകുളത്ത് നടപ്പാക്കിയിരിക്കും. ഇടവകകളിൽ വ്യാജ ഒപ്പുശേഖരണം വഴി വിശ്വാസികളുടെ പിന്തുണ നേടാൻ വിമതർ നടത്തിയ ശ്രമങ്ങൾ ആരും മറന്നിട്ടില്ല. വന്ദ്യ പിതാക്കന്മാരുടെ കോലങ്ങൾ ആർക്കു വേണ്ടി കത്തിച്ചു? കട്ടിൽ സമരങ്ങൾ കൊണ്ട് പാവം വിശ്വാസികളുടെ വീടുകളിൽ ക്ഷേമം ഉണ്ടായോ? വിമത പ്രവർത്തങ്ങൾക്ക് പണം വിശ്വാസികളുടെ നേർച്ചവകാശല്ലേ? പുരോഹിതർ പുരോഹിതരുടെ ശുശ്രൂഷ ചെയ്യണം.കഴിഞ്ഞ നാലു വർഷങ്ങൾ വിശ്വാസികൾക്ക് എന്ത് മാതൃക എറണാകുളം അങ്കമാലി വൈദികർ നൽകി എന്ന് ആത്മശോധന ചെയ്യണം. മാതൃ സഭയുടെ ശുശ്രൂഷ സത്യസന്ധമായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം - അങ്കമാലി അതിരൂപതയുടെ ക്ഷേമ പ്രവർത്തങ്ങൾക്ക് തങ്ങളുടെ വിമത പ്രവർത്തന സമയങ്ങൾ പുരോഹിതർ നീക്കി വച്ചിരുന്നെങ്കിൽ നിരവധി കുടുംബങ്ങൾ രക്ഷ നേടിയേനെ? കേരള സർക്കാരിന്റെ സത്യവാങ്മൂലം പുറത്തു വന്നിട്ടും ന്യായീകരിക്കാൻ വെമ്പുന്ന വിമത വൈദികരുടെ നീക്കങ്ങൾ എത്ര കപടമാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു. എന്തിനാണ് വൈദികർ സത്യം മൂടി വയ്ക്കുന്നത്? ആർക്കു വേണ്ടിയാണ് വിമത പ്രവർത്തങ്ങൾ? വത്തിക്കാന്റെ അന്തിമ തീരുമാനം വരും വരെ മാതൃസഭയോട് ചേർന്ന് നിന്ന് സംയമനം പാലിക്കാൻ എറണാകുളം - അങ്കമാലി വിശ്വാസികൾ ജാഗരൂകരാകണമെന്നും സീറോ മലബാർ അൽമായ ഫോറം പ്രസ്താവിച്ചു.

More Archives >>

Page 1 of 469