India - 2024

നവോത്ഥാന നായകരില്‍ നിന്ന് ചാവറയച്ചനെ ഒഴിവാക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധം

പ്രവാചകശബ്ദം 11-07-2022 - Monday

കൊച്ചി: സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'നവകേരള സൃഷ്ടിക്കായി' എന്ന അധ്യായത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റിയുള്ള വിശദമായ വിവരണത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ തമസ്കരിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. ക്രൈസ്തവ വിഭാഗത്തോടുള്ള തമസ്കരണങ്ങളുടെയും, അവഗണനയുടെയും ബോധപൂർവമായ തുടർച്ചയായി മാത്രമേ ഇതിനെ കരുതാനാകൂവെന്ന്‍ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസ്താവിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ 17 വരെ ചാവറയച്ചൻ നവോത്ഥാന നായകൻ വാരാചരണമായി ആചരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അവർണ്ണ സവർണ്ണ ജാതീയ വ്യവസ്ഥയിൽ നട്ടംതിരിഞ്ഞ കേരള സമൂഹത്തിൽ ഓരോ വ്യക്തിയേയും മനുഷ്യനായി കണ്ടുകൊണ്ട് എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആഹ്വാനത്തിലൂടെ കേരള വിദ്യാഭ്യാസ ചരിത്രത്തിന് പുതിയ മാനം നൽകിയ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ നവോത്ഥാന നായകരെ കുറിച്ചുള്ള പാഠഭാഗത്തുനിന്ന് ഒഴിവാക്കിയ നടപടി തീർത്തും അപലപനീയമാണെന്ന് കെ‌സി‌വൈ‌എം സംസ്ഥാന സമിതി പ്രസ്താവിച്ചു. കത്തോലിക്കാസഭയും മിഷ്ണറിമാരും വിദ്യാഭ്യാസത്തിലൂടെ ഒരു തലമുറയെ വിദ്യാസമ്പന്നരായി, നല്ല പൗരന്മാരായി രൂപപ്പെടുത്തി എടുത്തതിന്റെ പ്രതിഫലനമാണ് കേരള സമൂഹത്തിന്റെ ഇന്ന് കാണുന്ന പുരോഗതി എന്ന വസ്തുതയെ വിസ്മരിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾ ആശങ്കവർധിപ്പിക്കുകയാണെന്ന് കെ‌സി‌വൈ‌എം പ്രസ്താവിച്ചു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മാറ്റത്തിന് വഴിതെളിച്ച ചാവറ അച്ചനെ നവോത്ഥാന നായകന്മാരുടെ ചരിത്രവിവരണത്തിൽ നിന്ന് ഒഴിവാക്കി ചരിത്രത്തിന്റെ ഒരു പ്രധാന ഏടിനെ വിസ്മരിക്കുന്നതു വളർന്നു വരുന്ന തലമുറയോട് ചെയുന്ന അനീതിയാണ്. സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന് വിദ്യാഭ്യാസം സമൂഹത്തിൽ ചലുത്തിയ പുരോഗതി പ്രകീർത്തിക്കപെടുമ്പോൾ ഇതിനായി അക്ഷീണം പ്രവർത്തിച്ച സാമൂഹിക പരിഷ്കാർത്താവും നവോത്ഥാന ശില്പിയുമായ ചാവറയച്ചനെ ബോധപൂർവ്വം നവോത്ഥാന ചരിത്രത്തിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ സംസ്ഥാന സമിതിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെ.സി .വൈ.എം സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ വകുപ്പ് മേധാവിക്കും പരാതി സമർപ്പിച്ചുവെന്നും സംഘടന പ്രസ്താവിച്ചു.

നവോത്ഥാനത്തിന്റെ രാജശിൽപ്പിയായി കേരളം കാണുകയും ആദരിക്കുകയും ചെയ്യുന്ന വിശുദ്ധ ചാവറയച്ചനെ വിദ്യാഭ്യാസ വകുപ്പ് തമസ്കരിച്ചതിൽ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടനും പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വീഴ്ച വരുത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കു കത്തു നൽകിയതായും ഉണ്ണിയാടൻ അറിയിച്ചു. കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖ സ്ഥാനത്തുള്ള ചാവറയച്ചനെക്കുറിച്ച് കുട്ടി കളെ പഠിപ്പിക്കുന്നതിന് അവസരം ഒരുക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »