India - 2025

മന്ത്രിയുടെ പ്രസ്താവന കുറ്റകരമായ പിഴവിന് മറയിടാനുള്ള ശ്രമം: ഇരിങ്ങാലക്കുട രൂപത

പ്രവാചകശബ്ദം 12-07-2022 - Tuesday

ഇരിങ്ങാലക്കുട: കേരളത്തിന്റെ നവോത്ഥാന പാതയിൽ അഗ്രഗാമിയായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ തമസ്കരിച്ച വാർത്ത വസ്തുതാ വിരുദ്ധമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റകരമായ പിഴവിന് മറയിടാനും പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണെന്ന് ഇരിങ്ങാലക്കുട രൂപത.

വിവാദമായ പാഠഭാഗം വായിക്കാൻ മെനക്കെടാതെ വിദ്യാഭ്യാസ വകുപ്പിലെ തൽപരകക്ഷികളായ ബുദ്ധിജീവികൾ പറഞ്ഞുകൊടുത്തത് മാധ്യമങ്ങൾക്കു മുന്നിൽ ഉരുവിടുകയായിരുന്നു മന്ത്രിയെന്ന് സംശയിക്കണം. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന തർക്കുത്തരം നൽകുന്ന ശൈലിയാണിത്. കേരളത്തിലെ നവോത്ഥാന നായകന്മാരെ പരിചയപ്പെടുത്തുന്ന ഏഴാം ക്ലാസിലെ പാഠത്തിൽ ചാവറയച്ചനെപ്പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല. ഇതു എന്തുകൊണ്ടാണെന്ന് മന്ത്രി മറുപടി പറഞ്ഞില്ല. പകരം, മറ്റു രണ്ടു ക്ലാസുകളിലെ പാഠഭാഗത്ത് അദ്ദേഹത്തെ പരാമര്‍ശിക്കുന്നുണ്ട് എന്ന ബാലിശമായ ന്യായീകരണമാണ് നൽകിയത്.

അതിൽ പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ചാവറയച്ചനെപ്പറ്റി അദ്ദേഹം അനാഥാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചുവെന്ന ഒറ്റവരി പരാമർശമാണുള്ളത്. പന്ത്രണ്ടാം ക്ലാസിലെ പുസ്തകത്തിൽ അദ്ദേഹത്തെപ്പറ്റി അഞ്ചു വരി പരാമർശവുമുണ്ട്. ഇതാണ് മന്ത്രി പറയുന്ന ന്യായീകരണം. കേരളത്തിന്റെ നവോത്ഥാനത്തെപ്പറ്റി രണ്ടുതരം ചരിത്രമുണ്ടെന്നാണോ ഇതിന്റെ അർത്ഥം? ഒരേ കാര്യത്തിൽ രണ്ടുതരം ചരിത്രം രചിക്കുന്ന വിദ്യാഭ്യാസ വകുപ്പും പാഠ്യപദ്ധതിയുടെ സ്രഷ്ടാക്കളായ വിദഗ്ധ സമി തിയും ഒരു പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും രൂപത ആവശ്യപ്പെട്ടു.


Related Articles »