India - 2024
ബഫർ സോൺ: മന്ത്രിസഭാ തീരുമാനം അവ്യക്തവും ആശങ്ക വർദ്ധിപ്പിക്കുന്നതുമാണെന്ന് കെസിബിസി
പ്രവാചകശബ്ദം 30-07-2022 - Saturday
കൊച്ചി: ബഫർ സോൺ വിഷയത്തിൽ ജൂലൈ 27ലെ മന്ത്രിസഭാ തീരുമാനം അവ്യക്തവും ആശങ്ക വർദ്ധിപ്പിക്കുന്നതുമാണെന്ന് കെസിബിസി. ജനങ്ങളുടെ ആശങ്ക പരിഹരി ക്കപ്പെടുംവിധമല്ല മന്ത്രിസഭാ തീരുമാനമെന്നാണ് ഇതുസംബന്ധിച്ച പ്രസ്താവന വായിക്കുമ്പോൾ മനസിലാക്കുന്നതെന്ന് കെസിബിസി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2019ലെ മന്ത്രിസഭാ തീരുമാനം മുഖവിലയ്ക്കെടുത്താണ് സുപ്രീം കോടതി ബഫർ സോൺ സംബന്ധിച്ച് വിധി പ്രസ്താവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബഫർ സോ ൺ സംബന്ധിച്ച 2019ലെ മന്ത്രിസഭാ തീരുമാനം പൂർണമായും പിൻവലിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടിയാണ് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
ബഫർ സോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്ന ആവശ്യത്തോട് അനുഭാവപൂർണമായ തീരുമാനമല്ല സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാ തീരുമാനവും ഭാവിയിൽ ജനങ്ങൾക്കു തിരിച്ചടിയാകും. വനാതിർത്തി പുനർനിർണയിച്ച് വനത്തിനുള്ളിൽ ബഫർ സോൺ നിജപ്പെടുത്തുകയാണു വേണ്ടത്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിൽ ലഭിച്ച ആക്ഷേപങ്ങൾ പരിഗണിച്ച് ജനവാസമേഖലകൾ പൂർണമായും കൃഷിയിടങ്ങളും സർക്കാർ അർധസർക്കാർ പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രസർക്കാരിനു സമർപ്പിച്ച നടപടിക ളും രേഖകളും ജനങ്ങളുടെ അറിവിലേക്കായി വനംവകുപ്പു പുറത്തുവിടണം.
മലയോരമേഖലയിലെ ജനങ്ങളും വനംവകുപ്പും തമ്മിൽ വന്യജീവി ആക്രമണത്തെ സംബന്ധിച്ചും ഭൂപ്രശ്നങ്ങൾ സംബന്ധിച്ചും കാലങ്ങളായി രൂപപ്പെട്ടിരിക്കുന്ന അകൽ ച്ച നിലനിൽക്കുമ്പോൾതന്നെ ബഫർ സോൺ വിഷയത്തിൽ തുടർനടപടികൾക്കും കേസുകൾ നടത്തുന്നതിനുമായി വനംവകുപ്പിന്റെ ഉത്തരവാദിത്വമേൽപ്പിക്കുന്നത് ആശങ്ക വർധിപ്പിക്കും. ജനങ്ങളുടെ ആശങ്ക പൂർണമായും പരിഹരിക്കുംവിധം സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളണം. സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ കൃത്യമായ ഡേറ്റാ സഹിതം സിഇസിയിൽ നൽകേണ്ട അപ്പീലുകൾ സമർപ്പിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.