India - 2025

തീരദേശ ജനതയുടെ പോരാട്ടം തുടരുന്നു; ദേവാലയങ്ങളിൽ കറുത്ത കൊടി ഉയർത്തി

പ്രവാചകശബ്ദം 17-08-2022 - Wednesday

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ നാലാം ഘട്ട സമരത്തിന് ആരംഭം. പ്രതിഷേധത്തിന്റെ ഭാഗമായി അതിരൂപതയുടെ എല്ലാ പള്ളികളിലും കറുത്ത കൊടി ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ കരിദിനം നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പിന്നീട് ഇന്നലെത്തേക്ക് മാറ്റുകയായിരുന്നു.

കേരളത്തിലുടനീളം ധാരാളം പ്രശ്നങ്ങളാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നതെന്ന് ലത്തീൻ രൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. മാറിമാറി വരുന്ന സർക്കാരുകൾ അവർക്ക് വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത്. കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. വിഴിഞ്ഞത്തെ കരാറുകളൊക്കെ തട്ടിപ്പാണ്. തട്ടിപ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നതാണെങ്കിലും ഇപ്പോഴത്തെ സർക്കാർ അന്വേഷിക്കുന്നില്ല. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികൾ എന്നൊക്കെയാണ് ഈ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഒന്നും ചെയ്തില്ല. വലിയതുറയിലെ ക്യാമ്പുകൾ സന്ദർശിക്കാൻ പോലും തയ്യാറായില്ലായെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം മുല്ലൂരിലുള്ള അദാനിയുടെ തുറമുഖ കവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ രണ്ട് ഇടവകകളില്‍ നിന്നുള്ള സംഘങ്ങളാണ് സമരരംഗത്ത് ഉണ്ടായിരുന്നത്. ഇവര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് വീടുകളിലേക്ക് മടങ്ങിയത്. ഇന്ന് രാവിലെയോടെ പുതിയതുറ, പൂവാര്‍ ഇടവകകളില്‍ നിന്നുള്ള വിശ്വാസി സമൂഹം സമരവുമായി തുറമുഖ കവാടത്തിലെത്തി. രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരദേശവാസികള്‍ ജൂലൈ 20 മുതൽ സമരം ആരംഭിച്ചിരുന്നു. എന്നിട്ടും പ്രശ്ന പരിഹാരത്തിന് ചെറുവിരലനക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നതാണ് ലത്തീൻ അതിരൂപതയെ കൂടുതൽ സമരങ്ങളിലേക്ക് തിരിയാൻ നിർബന്ധിതരാക്കിയത്.

More Archives >>

Page 1 of 476