India - 2025

കുട്ടനാട്ടിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണം: സീറോ മലബാർ സിനഡ്

പ്രവാചകശബ്ദം 17-08-2022 - Wednesday

കാക്കനാട്: അപ്രതീക്ഷിതമായ മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടൻ കർഷകർക്ക് ധൈര്യവും ആശ്വാസവും നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സീറോമലബാർ സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടെകൂടെയുണ്ടാകുന്ന കൃഷിനാശം കാർഷികമേഖലയെ തകർക്കുന്നതിനാൽ ശാശ്വതമായ പരിഹാരനടപടികൾ ഉണ്ടാകേണ്ടതുണ്ട്. ആറുകളിലെയും തോടുകളിലെയും കായലുകളിലെയും എക്കലും മണ്ണും നീക്കം ചെയ്ത് വെള്ളം ഒഴുകിമാറാനുള്ള സൗകര്യം അടിയന്തിരമായി ഉറപ്പുവരുത്തണം. എ സി കനാൽ പടിഞ്ഞാറ് ജലനിർഗമനമാർഗം പൂർത്തിയാക്കി പള്ളാതുരുത്തി വരെ തുറന്ന് വെള്ളപ്പൊക്കകെടുത്തി ഒഴിവാക്കാനുള്ള സൗകര്യം ഉണ്ടാകണം.

ഇത്തവണത്തെ മഴക്കെടുതിയിൽ നശിച്ചുപോയത് ഏകദേശം 750 ഓളം ഏക്കർ പാടശേഖരത്തിലെ നെൽക്കൃഷിയാണ്. ഇൻഷുറൻസ് കമ്പനികൾ നൽകുന്ന നഷ്ടപരിഹാരം തികച്ചും അപര്യാപ്തമാകയാൽ നഷ്ടത്തിനാനുപാതികമായ പരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. തുടർച്ചയായി കൃഷിനാശമനുഭവിക്കുന്നവർ വലിയ സാമ്പത്തിക ദുരന്തത്തിലാണെന്നത് മറക്കരുത്.

സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള ‘കുട്ടനാട് പ്രോജക്ട്' അനുസരിച്ച് ബണ്ടുകൾ ബലപ്പെടുത്താനുള്ള പരിശ്രമം പൂർത്തിയാക്കിയിട്ടില്ല. മടവീഴ്ചയെ പ്രതിരോധിക്കത്തക്ക രീതിയിൽ ബണ്ടുകൾ ബലപ്പെടുത്താൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. കർഷകർക്ക് ഉപകാരമുള്ളതും പുതുതലമുറയെ കൃഷിയിലേക്കാകർഷിക്കുന്നതുമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സിനഡ് ആവശ്യപ്പെട്ടു.

More Archives >>

Page 1 of 476