India - 2024

ക്യാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കരുതുന്ന കരവുമായി കാരിത്താസ്

സ്വന്തം ലേഖകന്‍ 13-07-2016 - Wednesday

കോട്ടയം: കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗികളുടെ ശുശ്രൂഷയ്ക്കായി നടത്തിവരുന്ന 'ആശാകിരണം' പദ്ധതിക്ക് വിജയപുരം രൂപതയില്‍ തുടക്കമായി. മുന്‍മന്ത്രിയും നിലവില്‍ കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പദ്ധതിയുടെ രൂപതയിലെ ഉദ്ഘാടനം നിര്‍വഹിച്ചത്. ക്യാന്‍സര്‍ ബാധിച്ച് വീടുകളില്‍ കിടപ്പിലായവര്‍ക്ക് ഏറെ സഹായമാകുന്ന ഈ പദ്ധതി കത്തോലിക്ക സഭയുടെ സഹജീവികളോടുള്ള കരുതലും സ്‌നേഹവുമാണ് കാണിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന പദ്ധതി രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പദ്ധതിയുടെ കീഴില്‍ നടത്തപ്പെടുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ ഹെല്‍പ്പ്‌ലൈന്‍ സെല്ലിന്റെ ഉദ്ഘാടനം കോട്ടയം നഗരസഭാ ചെയര്‍മാന്‍ ഡോ. പി.ആര്‍. സോന നിര്‍വഹിച്ചു. ക്യാന്‍സര്‍ രോഗം വന്ന രോഗികള്‍ക്കും അവരെ ചികിത്സിക്കുന്ന ബന്ധുക്കള്‍ക്കു വേണ്ടിയും പ്രത്യേക കൗണ്‍സിലിംഗ് സെല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം കേരള സോഷ്യന്‍ സര്‍വ്വീസ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വെട്ടിക്കാട്ടിലാണ് നിര്‍വഹിച്ചത്.

കരുണയുടെ ജൂബിലി വര്‍ഷത്തിലാണ് പുതിയ പദ്ധതി വിജയപുരം രൂപതയുടെ കൂടി ഭാഗമാക്കുവാന്‍ കാരിത്താസ് തീരുമാനിച്ചത്. കേരളത്തില്‍ അനുദിനം ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും ക്യാന്‍സര്‍ ബാധിതരുടെ പരിചരണത്തിനായി പല പദ്ധതികളും നടത്തുന്നുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദമാണ് സംസ്ഥാനത്ത് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്.