Life In Christ

കാൻസർ ബാധിച്ചപ്പോഴും ഗർഭഛിദ്രത്തിന് വഴങ്ങിയില്ല; ക്രിസ്തു വിശ്വാസത്താൽ രോഗത്തെ അതിജീവിച്ച് നാലാമത്തെ കുഞ്ഞിനെ സ്വീകരിച്ച് ജെസ്സിക്ക

പ്രവാചകശബ്ദം 05-09-2022 - Monday

ഡെട്രോയിറ്റ്: ഗര്‍ഭിണിയായി 14 ആഴ്ചകള്‍ പിന്നിട്ട ശേഷം മാരകമായ സ്തനാര്‍ബുദം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്‍ ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നിര്‍ദ്ദേശിച്ചെങ്കിലും അതിന് തയ്യാറാകാതെ ജീവനുവേണ്ടി പ്രാര്‍ത്ഥനപൂര്‍വ്വം നിലകൊള്ളുകയും ചെയ്ത ജെസ്സിക്ക ഹന്ന എന്ന ഡെട്രോയിറ്റ് സ്വദേശിനിയുടെ ജീവിതസാക്ഷ്യം അനേകര്‍ക്ക് പ്രചോദനമേകുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1-ന് പ്രമുഖ കത്തോലിക്ക മാധ്യമമായ ഇഡബ്യു.ടി.എന്‍’ന്റെ ‘ലൈഫ് വീക്കിലി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് നാല് കുട്ടികളുടെ മാതാവായ ജെസ്സിക്ക തന്റെ നാലാമത്തെ പ്രസവത്തിനിടെ താന്‍ കടന്നുപോയ സംഭവ വികാസങ്ങളെ കുറിച്ച് വിവരിച്ചത്. തന്റെ നാലാമത്തെ ഗര്‍ഭം മുന്‍പത്തെ മൂന്നെണ്ണത്തേക്കാളും വ്യത്യസ്തമായിരുന്നെന്നും, വലുതെന്തോ ചെയ്യുവാന്‍ ദൈവം തന്നെ വിളിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും ജെസ്സിക്ക പറയുന്നു.

ഗര്‍ഭവതിയാകുന്നതിന് മുന്‍പ് തന്നെ മാറിടത്തില്‍ ഒരു അടയാളം ജെസ്സിക്കയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് നിസ്സാരമായ ഒരു മുഴമാത്രമാണെന്ന്‍ ഡോക്ടര്‍മാര്‍ തെറ്റിദ്ധരിച്ചു. രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് താന്‍ ഗര്‍ഭവതിയാണെന്ന കാര്യം ഹന്ന തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ ഗൈനക്കോളജി വിദഗ്ദനാണ് ജെസ്സിക്കയ്ക്കു സ്തനാര്‍ബുദമാണെന്ന കാര്യം സ്ഥിരീകരിച്ചത്. പ്രാരംഭത്തില്‍ ഒന്നാമത്തെ സ്റ്റേജ് ആണെന്നായിരിന്നു കരുതിയിരുന്നതെങ്കിലും, ശസ്ത്രക്രിയക്ക് വിധേയയായതിന് ശേഷമാണ് 13 സെന്റിമീറ്ററോളം വലുപ്പമുള്ള ട്യൂമറായിരുന്നെന്നും രോഗഘട്ടം നാലാമത് എത്തിയെന്നുമുള്ള കാര്യം ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ ഭ്രൂണഹത്യ നടത്താന്‍ സമ്മര്‍ദ്ധം ശക്തമായി. എന്നാല്‍ ജീവനു വേണ്ടി ശക്തമായി വാദിച്ചിരിന്ന അവള്‍ ആരുടേയും സമ്മര്‍ദ്ധത്തിന് കീഴ്പ്പെടാന്‍ തയാറായിരിന്നില്ല.

ഉദരത്തിലുള്ള.ജീവന് വേണ്ടി താന്‍ പറയേണ്ട കാര്യങ്ങള്‍ താന്‍ പറഞ്ഞു. ഇതിന് പിന്നാലെ എല്ലാവരും തങ്ങളുടെ സംസാരങ്ങളില്‍ പരാമര്‍ശിക്കുന്ന ഒരു സ്ത്രീയായി താന്‍ മാറി. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ജെസ്സിക്ക ഓരോ കീമോ തെറാപ്പി ചികിത്സക്കും ശേഷം അവളുടെ ജന്മദേശത്ത് അടക്കം ചെയ്തിരിക്കുന്ന വാഴ്ത്തപ്പെട്ട സൊളാനുസ് കാസിയുടെ കല്ലറയിലും, ഗര്‍ഭവതിയായിരിക്കുമ്പോള്‍ മാരക രോഗത്തിനടിമയായ വിശുദ്ധ ജിയാന്ന ബെരെറ്റാ മോളായോടും പ്രാര്‍ത്ഥിക്കുന്നത് പതിവാക്കി. വിശുദ്ധ ജിയന്ന ബെരെറ്റായുടെ മാതൃക പിന്തുടര്‍ന്ന്‍ ചില ഭേദഗതികളോടെയുള്ള കീമോക്ക് വിധേയയാകുവാന്‍ ജെസ്സിക്ക തീരുമാനിച്ചു.

പ്രതികൂലമായ ആരോഗ്യാവസ്ഥയിലും അടിയുറച്ച ക്രൈസ്തവ വിശ്വാസം കൊണ്ട് താന്‍ നേരിടുന്ന പോരാട്ടം ലോകത്തെ അറിയിക്കാന്‍ അവള്‍ തീരുമാനിച്ചു. താന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പാതയെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ ഒരു സമൂഹ മാധ്യമ അക്കൌണ്ട് തുറക്കുകയും, പ്രാര്‍ത്ഥിക്കുന്നതിനായി ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. 'ഒരു സഹനവും വൃഥാവിലാവില്ല' എന്നു ജെസ്സിക്ക ആവര്‍ത്തിക്കുന്നു.

അന്നാളുകളില്‍ എങ്ങനെ മഹത്വത്തോടെ മരിക്കാമെന്ന്‍ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്ന പാതയിലേക്ക് ദൈവം തന്നെ നടത്തുകയാണോ? അതോ, എന്തെങ്കിലും അത്ഭുതം കാണിക്കുവാന്‍ പോവുകയാണോ? എന്ന് തനിക്കറിയില്ലായിരുന്നു. ദൈവത്തിലുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനം. എനിക്ക് അത്ഭുത രോഗസൗഖ്യം ഉണ്ടാകാനും എന്റെ കുഞ്ഞ് പൂർണ ആരോഗ്യത്തോടെ ജനിക്കാനുമാണ് പ്രാർത്ഥിച്ചിരുന്നത്. അത്ഭുതമാണോ മരണമാണോ തന്നെ തേടി വരുക എന്ന അനിശ്ചിതത്വം അപ്പോഴും നിലനിന്നിരിന്നു. എന്നാല്‍ കര്‍ത്താവ് അവളെ സ്പര്‍ശിച്ചിരിന്നു. യാതൊരു കുഴപ്പവും കൂടാതെ കുഞ്ഞ് ജനിച്ചു. പ്രസവത്തിന് ശേഷം നടത്തിയ സ്കാനിംഗില്‍ കണ്ടെത്തിയത് - കാന്‍സര്‍ മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്നും, ചികിത്സക്ക് ഭേദമാക്കുവാന്‍ കഴിയുന്ന അവസ്ഥയിലാണെന്നുമായിരിന്നു.

തന്റേതിന് സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്ക് മൂന്ന്‍ ഉപദേശങ്ങളാണ് ജെസീക്കാക്ക് നല്‍കുവാനുള്ളത്. നമ്മുടെ സഹനങ്ങള്‍ ക്രിസ്തുവിന്റെ കുരിശുമായി ബന്ധിപ്പിക്കുക, പരിശുദ്ധ കന്യകാമാതാവില്‍ അഭയം പ്രാപിക്കുക, ഒരു തീരുമാനമെടുക്കുന്നതിന് മുന്‍പ് വിവിധ മെഡിക്കല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് അന്വേഷിക്കുക എന്നിവയാണ് അവ. മാധ്യസ്ഥ സഹായത്താല്‍ അത്ഭുതം നടന്നതിനാല്‍ നാലാമത്തെ മകന് തോമസ്‌ സൊളാനൂസെന്നാണ് അവള്‍ പേരിട്ടിരിക്കുന്നത്. വാഴ്ത്തപ്പെട്ട സൊളാനൂസ് കാസിയുടെ നാമകരണ നടപടികള്‍ക്കായി ഈ യുവതിയുടെയും കുഞ്ഞിന്റെയും ജീവിതത്തില്‍ സംഭവിച്ച അത്ഭുതവും സമര്‍പ്പിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »