India - 2024

മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ സ്ഥാനിക ചിഹ്നങ്ങള്‍ സ്വീകരിച്ചു

പ്രവാചകശബ്ദം 15-09-2022 - Thursday

മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺസിഞ്ഞോര്‍ അലക്‌സ് താരാമംഗലത്തിന് മാനന്തവാടി രൂപതയിൽ സ്വീകരണം നൽകി. മാനന്തവാടി രൂപതയുടെ പ്രഥമ സഹായ മെത്രാനായി നിയമിതനായ മോണ്‍സിഞ്ഞോര്‍ അലക്സ് താരാമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. ജർമ്മനിയിൽ ആയിരുന്ന അദ്ദേഹം ഇന്നലെ സെപ്റ്റംബർ 14നാണ് തിരികെയെത്തിയത്. കോഴിക്കോട് എയർ പോർട്ടിൽ രൂപത പ്രതിനിധികൾ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററൽ സെന്ററിൽ വൈദികരും തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ബിഷപ്പ് ജോസഫ് പാംപ്ലാനിയും മാർ ജോർജ് വലിയമറ്റവും ചേർന്നു സ്വീകരണം നൽകി.

മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നിയുക്ത മെത്രാനെ മോതിരമണിയിച്ചു. തലശ്ശേ രി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോർജ് വലിയമറ്റം ബിഷപ്പിന്റെ സ്ഥാനിക ചിഹ്നമായ കുരിശുമാലയും, തലശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി അരക്കെട്ടും അണിയിച്ചു. മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍സിഞ്ഞോര്‍ അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബര്‍ 1-നാണ് നടത്തപ്പെടുന്നത്.

മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി അഭിഷിക്തനാകുന്ന ഫാ. അല്ക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ രൂപതയില്‍ ആരംഭിച്ചു കഴിഞ്ഞു. മെത്രാഭിഷേകചടങ്ങുകള്‍ ക്രമീകരിക്കുന്ന തിനായി രൂപത വികാരി ജനറാള്‍ റവ. ഫാ. പോള്‍ മുണ്ടോളിക്കലിന്റെയും സിഞ്ചല്ലൂസ് റവ. ഫാ. തോമസ് മണക്കുന്നേലിന്റേയും നേതൃത്വത്തില്‍ 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. നവംബര്‍ 1-ന് രാവിലെ 9.30-ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും.


Related Articles »