India - 2025
ജനബോധന യാത്രയുടെ സമാപനം കുറിച്ച് ഇന്നു ബഹുജന റാലി
18-09-2022 - Sunday
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ ഭാഗമായി കൊച്ചിയിലെ മൂലമ്പള്ളിയിൽ നിന്നാരംഭിച്ച ജനബോധനയാത്രയുടെ സമാപനം കുറിച്ച് വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് ഇന്നു നടക്കുന്ന ബഹുജന റാലിയിൽ ആയിരങ്ങള്‍ പങ്കെടുക്കും. ജനബോധനയാത്ര ഉച്ചകഴിഞ്ഞ് മൂന്നിന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചേരും.
തുടർന്ന് ബഹുജനറാലി എമരിറ്റസ് ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് തുറമുഖ കവാടത്തിൽ മാർച്ച് എത്തും. അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ്.ജെ. നെറ്റോ അധ്യക്ഷത വഹിക്കും. ബിഷപ്പുമാരായ ഡോ. വിൻസന്റ് സാമുവൽ, ഡോ. സാമുവൽ മാർ ഐറേനിയോസ്, സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് എന്നിവരും തമ്പാൻ തോമസ്, സി.ആർ. നീലകണ്ഠൻ, ജോസഫ് ജൂഡ്, ജാക്സൺ പൊള്ളയിൽ തുടങ്ങിയവരും പ്രസംഗിക്കും.
19 മുതൽ ഒക്ടോബർ മൂന്നുവരെ ഉപവാസം 24 മണിക്കൂറാക്കുമെന്ന് സമര സമിതി ജനറൽ കൺവീനറും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാളുമായ മോൺ. യൂജിൻ.എച്ച്. പെരേര അറിയിച്ചു.21 മുതൽ കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരം തുടങ്ങും. സംസ്ഥാനത്തെ ക്വാറികളും പരിസ്ഥി തിദുർബല മേഖലകളും കേന്ദ്രീകരിച്ചു സമരം തുടങ്ങും. കേരളത്തിലെ വിവിധ ജില്ലകളിലേക്കും ദേശീയതലത്തിലേക്കും സമരം വ്യാപിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.