Faith And Reason

വീണ്ടും അത്ഭുതം ആവർത്തിച്ചു; വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവകരൂപത്തിലായി

പ്രവാചകശബ്ദം 20-09-2022 - Tuesday

നേപ്പിള്‍സ്: മൂന്നാം നൂറ്റാണ്ടിൽ ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം വീണ്ടും. ഇന്നലെ തിങ്കളാഴ്ച ഇറ്റലിയിലെ നേപ്പിൾസിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽവെച്ച് രക്തക്കട്ട ദ്രാവകരൂപത്തിലായി. വിശുദ്ധന്റെ ദ്രാവക രൂപത്തിലായ രക്തമടങ്ങിയ പേടകം നേപ്പിൾസ് ആർച്ച് ബിഷപ്പ് ഡൊമിനിക്കോ ബറ്റാഗ്ലിയ ഉയർത്തിക്കാട്ടി. ക്രിസ്തുവിന് വേണ്ടിയും, സഹോദരങ്ങൾക്ക് വേണ്ടിയും രക്തം ചൊരിഞ്ഞ വിശുദ്ധ ജാനുയേരിയൂസിന്റെ രക്തത്തിന്റെ അടയാളം നന്മയും, സൗന്ദര്യവും ശരിയും എപ്പോഴും വിജയിക്കുമെന്ന സന്ദേശമാണ് നമുക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 2000 ആളുകളാണ് സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ അത്ഭുതം കാണാനായി തടിച്ചു കൂടിയത്.

വിശുദ്ധനെ വണങ്ങുന്നത് ഒരു അന്ധവിശ്വാസമായി കാണരുതെന്ന് നിർദ്ദേശം നൽകിയ ഡൊമിനിക്കോ ബറ്റാഗ്ലിയ നഷ്ടം നോക്കാതെ സ്നേഹിക്കാൻ വേണ്ടി അനുദിനം പ്രതിജ്ഞാബദ്ധമാകുകയെന്നതാണ്, രക്തസാക്ഷിയും, മെത്രാനുമായിരുന്ന ജാനുയേരിയൂസ് നമ്മോട് ആവശ്യപ്പെടുന്നതെന്നും, ഇതാണ് ദൈവത്തിന് പ്രധാനപ്പെട്ട കാര്യമെന്നും പറഞ്ഞു. ദക്ഷിണ ഇറ്റലിയിലെ മാഫിയ സംസ്കാരത്തെ വിമർശിച്ച അദ്ദേഹം, യുവജനങ്ങൾ കുറ്റകൃത്യങ്ങളിൽപ്പെടുന്നതിന് മുൻപ് തന്നെ അവർക്ക് അവസരങ്ങൾ നൽകുന്നതിന് വേണ്ടി താൻ കഴിഞ്ഞവർഷം ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയിലേക്ക് സഹായം നൽകണമെന്ന് വിശ്വാസികളോട് അഭ്യർത്ഥിച്ചു.

മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്.

വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »