Life In Christ - 2025
തായ്‌ലന്റിലെ ഏറ്റവും വലിയ ചേരിയില്‍ രക്ഷാദൂതുമായി കത്തോലിക്ക സന്യാസിനികള്‍
പ്രവാചകശബ്ദം 23-09-2022 - Friday
ബാങ്കോക്ക്: തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ തായ്‌ലന്റിന്റെ തലസ്ഥാന നഗരമായ ബാങ്കോക്കിലെ ഏറ്റവും വലിയ ചേരിപ്രദേശത്തെ ദരിദ്രരുടെ വയറും മനസും നിറച്ച് കത്തോലിക്ക കന്യാസ്ത്രീകള്‍. സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹാംഗങ്ങളായ സന്യാസിനികളാണ് ‘ഖ്ലോംഗ് തോയ്’ ജില്ലയിലെ ചേരിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. “സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവങ്ങളിലേക്ക് ഇറങ്ങിചെല്ലൂ” എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ചാണ് ഈ സേവനം ചെയ്യുന്നതെന്നും, ബാങ്കോക്കിലെ ചേരിയില്‍ നിന്നും തങ്ങളുടെ സ്കൂള്‍ ഏതാനും ബ്ലോക്കുകള്‍ അകലെ മാത്രമായതിനാല്‍ പാവങ്ങളെ സഹായിക്കുവാന്‍ തങ്ങള്‍ക്ക് ഒരുപാട് ദൂരം പോകേണ്ടി വരുന്നില്ലെന്നും സേക്രഡ് ഹാര്‍ട്ട് സമൂഹാംഗമായ സിസ്റ്റര്‍ ഒറാപിന്‍ പറഞ്ഞു. തങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണെന്നും, കരുണയുടെ പുറത്ത് ആരെങ്കിലും തരുന്ന സൗജന്യം സ്വീകരിക്കുന്നവരല്ലെന്നും സിസ്റ്റര്‍ പറഞ്ഞു.
പാവപ്പെട്ടവരെ സഹായിക്കുവാനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും, വിവിധ മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനായുള്ള വഴികള്‍ തുറക്കുവാനും വേണ്ടിയാണ് "ജീവന്റെ സംവാദം" എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ‘ഖ്ലോംഗ് തോയ്’യിലെ സവേരിയന്‍ വൈദികരുമായി സഹകരിച്ച് അന്നദാന പദ്ധതി നടപ്പിലാക്കുക എന്നത് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹത്തിന്റെ സുപ്പീരിയറിനു ലഭിച്ച ആശയമാണ്. കോവിഡ് പകര്‍ച്ചവ്യാധി ചേരിയിലെ പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയെന്നും അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാന്‍ തങ്ങള്‍ക്കാവില്ലെങ്കിലും നിത്യേന വിശപ്പടക്കുവാന്‍ കഷ്ടപ്പെടുന്നവരുടെ വിശപ്പടക്കുവാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും സിസ്റ്റര്‍ ഒറാപിന്‍ പറഞ്ഞു.
പുതിയൊരു തുടക്കത്തിന് വേണ്ടി ബാങ്കോക്കില്‍ എത്തിയവരാണ് ചേരിയില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും. വെറും 1.5 ചതുരശ്ര കിലോമീറ്ററോളം വരുന്ന സ്ഥലത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് തിങ്ങിഞെരിഞ്ഞ് കഴിയുന്നത്. താരതമ്യേന താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കൂടുതലാണ്. രാജ്യത്തെ ഏറ്റവും വലുതും മികച്ചതുമായ സ്കൂളുകള്‍ നടത്തുന്നതിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് ബാങ്കോക്ക് ആസ്ഥാനമായുള്ള സേക്രഡ് ഹാര്‍ട്ട് സന്യാസിനിമാര്‍. കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തി അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കുന്നതും ഇവരുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മുഖ്യഭാഗമാണ്. 6.9 കോടി ജനങ്ങളുള്ള ബുദ്ധമത ഭൂരിപക്ഷ രാജ്യമായ തായ്‌ലന്റില്‍ 2019-ലെ കണക്കനുസരിച്ച് ഏതാണ്ട് 3,88,000-ത്തോളം കത്തോലിക്കരാണുള്ളത്.