News - 2024

കര്‍ദ്ദിനാള്‍ പിയട്രോ പരോളിൻ റഷ്യയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 23-09-2022 - Friday

ന്യൂയോര്‍ക്ക്: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി എത്തിയപ്പോഴാണ് കർദ്ദിനാൾ കൂടിക്കാഴ്ച നടത്തിയത്. യുക്രൈന് നേരെ റഷ്യ കനത്ത ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ രംഗത്തെത്തിയിരിന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് തലവന്‍ പാത്രിയാര്‍ക്കീസ് കിറിലുമായും പ്രസിഡന്‍റ് പുടിനുമായും മധ്യസ്ഥ ചര്‍ച്ച നടത്താന്‍ പാപ്പ സന്നദ്ധത അറിയിച്ചിരിന്നുവെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി റഷ്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

റഷ്യയെ നശിപ്പിക്കാനും ലോകത്തെ വിഭജിക്കാനുമുള്ള നാറ്റോയുടെ കുരിശുയുദ്ധത്തിന്റെ ഫലമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ആരോപിച്ചു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ യുദ്ധത്തിന്റെ തിന്മയെയും പരിണിത ഫലങ്ങളെയും കുറിച്ച് കര്‍ദ്ദിനാള്‍ പിയട്രോ പങ്കുവെച്ചു. നിരായുധീകരണത്തിനായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ എണ്ണമറ്റ ആഹ്വാനങ്ങള്‍ കർദ്ദിനാൾ പരോളിന്‍ സ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പ ഉക്രേനിയൻ ജനതയോടുള്ള അടുപ്പവും പിന്തുണയും ആവർത്തിച്ചു ഇക്കഴിഞ്ഞ ബുധനാഴ്ചയും, സമൂഹത്തെ "കുലീനരും രക്തസാക്ഷികളും" എന്ന് വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമായ യുദ്ധത്തിൽ ചില ആളുകൾ ആണവായുധങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു ഭ്രാന്താണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതേസമയം ഫെബ്രുവരി 24ന് ആരംഭിച്ച യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പുടിന്‍റെ യുദ്ധതന്ത്രങ്ങള്‍ പാളുന്നുവെന്ന് റഷ്യയില്‍ നിന്ന് തന്നെ പ്രതിസ്വരങ്ങള്‍ ഉയരുന്നതിനിടെ രാജ്യത്തെ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തിറക്കാനുള്ള ശ്രമത്തിലാണ് പുടിന്‍. ഏകാധിപതിയായ ഭരണാധികാരിയുടെ പുതിയ സൈനിക തന്ത്രത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധം ഉയരുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.


Related Articles »