India - 2024
കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കർദ്ദിനാൾ ആലഞ്ചേരിയും ക്ലീമിസ് ബാവയും
പ്രവാചകശബ്ദം 03-10-2022 - Monday
കൊച്ചി: സൗമ്യമായ വ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്ണന്റേതെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സൗമ്യമായ പെരുമാറ്റം കൊണ്ടും സൗഹൃദശൈലിയിലുള്ള ഇടപെടൽകൊണ്ടും പൊതുസമൂഹത്തിൽ സ്വീ കാര്യത നേടിയ വ്യക്തിയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളുമായി സംവദിക്കാനുള്ള പ്രത്യേക ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിന്റെ ആഭ്യന്തര-ടൂറിസം മ ന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനം നല്ല ഭരണാധികാരിയാണെന്നു തെളിയിക്കുന്ന തായിരുന്നെന്നും കർദ്ദിനാൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും അനുശോചിച്ചു. ആദരണീയ വ്യക്തി ത്വം കാത്തുസൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ ഭരണതലത്തിലും പാർട്ടി തലത്തിലും സംഘടനാതലത്തിലും പൊതുസമൂഹത്തിനും സ്വീകാര്യമായ വ്യക്തിത്വമായിരുന്നുവെന്ന് ക്ലീമിസ് കാതോലിക്കാ ബാവ അനുസ്മരിച്ചു.
ഒട്ടനേകം തവണ അദ്ദേഹത്തോട് അടുത്തിടപഴകാൻ അവസരമുണ്ടായിട്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം അദ്ദേഹം പുലർത്തിയ ഔന്നത്യം, സംസാരിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ കാണിച്ച താത്പര്യം, കഴിയുന്ന തരത്തിൽ അതു പരിഹരിക്കുവാൻ കാണിച്ച ഔത്സുക്യം ഇവ എടുത്തുപറയേണ്ടതാണ്. രോഗാവസ്ഥയിൽ നാട്ടിലും ചെന്നൈയിലും അദ്ദേഹത്തെ സന്ദർശിച്ച സന്ദർഭങ്ങളിലെല്ലാം സൗമ്യതയോടെ രോഗത്തെയും സന്ദർശകരെയും നേരിടുന്ന കോടിയേരി ബാലകൃഷ്ണൻ ആർക്കും സമീപിക്കാവുന്ന സൗമ്യമുഖമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് പൊതുസമൂഹത്തിലുണ്ടാക്കിയ ശൂന്യത വളരെ വലു താണെന്നും കർദിനാൾ പറഞ്ഞു.