India - 2025
കത്തോലിക്ക കോൺഗ്രസ് 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സംഗമം ബാങ്കോക്കിൽ
പ്രവാചകശബ്ദം 07-10-2022 - Friday
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന രണ്ടാം ഗ്ലോബൽ മീറ്റ് ഒക്ടോബർ 21, 22, 23 തീയതികളിൽ ബാങ്കോക്കിൽ നടക്കും. ഗ്ലോബൽ മീറ്റിന്റെ ലോഗോ പ്രകാശനം ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ നിർവഹിച്ചു. സംഗമം സമുദായത്തിനും സഭയ്ക്കും ആഗോളതലത്തിൽ കൂടുതൽ ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സംഗമത്തിലൂടെ പുതിയ പ്രവർത്തന സാധ്യതകൾ തുറന്നിടാൻ കത്തോലിക്ക കോൺഗ്രസിന് സാധിക്കും. വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാർത്തിരിക്കുന്ന സമുദായങ്ങളെ കോർത്തിണക്കാൻ ഈ ആഗോള സംഗമം ഉപകരിക്കും. വിവിധരാജ്യങ്ങളിലുള്ള വിദഗ്ധരായ സമുദായ അംഗങ്ങളെ ഒരുമിപ്പിക്കുന്നതിലൂടെ കൂടുതൽ വികസന സാധ്യതകളും വളർച്ചയും പുരോഗതിയും സമുദായ അംഗങ്ങൾക്ക് കൈവരിക്കാനാകുമെന്നും മാർ തറയിൽ പറഞ്ഞു.
കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി ഉൾപ്പെടെയുള്ള മെത്രാന്മാരുടെയും സാമൂഹിക സാംസ്കാരിക നേതാക്കളുടെയും സമുദായ നേതാക്കളുടെയും സംഗമമായി ഗ്ലോബൽ മീറ്റ് മാറുമെന്ന് ലോഗോ പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. സമുദായം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെ കുറിച്ചും ഗ്ലോബൽ തലത്തിൽ സ മുദായ അംഗങ്ങളെ ഒരുമിപ്പിച്ച് നിർത്തുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ചും വിവിധ സംരംഭങ്ങളെ കുറിച്ചും ഗ്ലോബൽ മീറ്റിൽ ചർച്ച ചെയ്യും.
കത്തോലിക്ക കോൺഗ്രസ് കേന്ദ്രകാര്യാലയത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ് , ഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയി ൽ, രാജേഷ് ജോൺ, ടെസ്റ്റി ബിജു, തോമസ് പീടികയിൽ, അഡ്വ പി.ടി. ചാക്കോ, ജോമി മാത്യു, ബേബി നെട്ടനാനിയിൽ, മാത്യു കല്ലടിക്കോട്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു .