India - 2025
വിജയം നേടും വരെ വിഴിഞ്ഞം സമരം മുന്നോട്ട് പോകും: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
പ്രവാചകശബ്ദം 10-10-2022 - Monday
ആലപ്പുഴ: വിഴിഞ്ഞം സമരം വിജയം നേടും വരെയും മുന്നോട്ടു പോകുമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ.തോമസ് ജെ. നെറ്റോ. നീതി പീഠത്തിൽ നിന്നും അർഹതപ്പെട്ട നീതി കിട്ടാന്‍ കോടതിയെ സമീപിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തിലൂന്നിയ വികസനമായിരിക്കണം ആലപ്പുഴ രൂപത പ്ലാറ്റിനം ജൂബി ലിയിലേക്ക് കടക്കുന്ന അടുത്ത അഞ്ചു വർഷം ഏറ്റെടുക്കേണ്ടതെന്നും ആർച്ച് ബിഷ പറഞ്ഞു. ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് നിക്സൺ എം.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സപ്തതി സ്മാരക ഭവനങ്ങളുടെ താക്കോൽ ദാനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങും നടന്നു.
രാവിലെ ജനപ്രതിനിധി സംഗമം നടത്തി. തീരശോഷണം തടയാൻ 2010നു ശേഷം കാര്യമായ പ്രവർത്തനം നടക്കുന്നില്ലെന്നു എ.എം.ആരിഫ് എംപി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രഫണ്ട് നൽകാത്തതാണ് കാരണമെന്നും എംപി പറഞ്ഞു. ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ അധ്യക്ഷത വഹിച്ചു. എംഎൽഎ മാ രായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു , പഞ്ചായത്ത് പ്രസിഡനന്റുമാരായ ജയിംസ് ചിങ്കുതറ, പി.ജി.സൈറസ്, സിനിമോൾ സാംസൻ, ഫാ.സേവ്യർ കുടിയാംശേരി, ഫാ. ജോൺസൺ പുത്തൻ വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.