India - 2025

ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് മോൺ. യൂജിൻ എച്ച്. പെരേര

പ്രവാചകശബ്ദം 18-10-2022 - Tuesday

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി സമൂഹം നടത്തുന്ന അതിജീവന സമരത്തെ നിർവീര്യമാക്കാൻ ഒളിഞ്ഞും തെളിഞ്ഞും അധികാരികൾ നടത്തുന്ന നീക്കത്തിൽ നിന്ന് പിന്മാറണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാളും സമരസമിതി ജനറൽ കൺവീനറുമായ മോൺ. യൂജിൻ എച്ച്. പെരേര. വിഴിഞ്ഞം സമരം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്നു വിളിച്ചു പ്രളയകാലഘട്ടത്തിൽ പുകഴ്ത്തിയ മുഖ്യമന്ത്രി, മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാൻ ഒരുവട്ടംപോലും നേരിട്ട് ചർച്ച നടത്താത്തത് പ്രതിഷേധാർഹമാണെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മോൺ. ജയിംസ് കുലാസ് പറഞ്ഞു. ഇന്നലെ രാവിലെ 11ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണയിൽ പേട്ട ഫൊറോനാ വികാരി ഫാ. റോബിൻസൺ അധ്യക്ഷത വഹിച്ചു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ വികാരി മോൺ. ഡോ. ടി. നിക്കോളാസ്, കഴ ക്കൂട്ടം ഫൊറോനാ വികാരി ഫാ. ജോസഫ് ബാസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നല്കി.


Related Articles »