India - 2025

വിഴിഞ്ഞത്തിന്റെ വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുത്: ജാഗ്രതാസമിതി

പ്രവാചകശബ്ദം 04-12-2022 - Sunday

ചങ്ങനാശ്ശേരി: വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിയുടെ വരവോടെ ഭൂമിയും കിടപ്പാടവും ജീവിതമാർഗവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തീരദേശ ജനത അനുഭവിക്കുന്ന പ്രതിസന്ധി ഗുരുതരമാണെന്നും വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുതെന്നും ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാസമിതി. തീരദേശ ജനത വിശിഷ്യാ കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹം രാഷ്ട്രത്തിന്റെ പുരോഗതിയ്ക്കു വേണ്ടി തുറന്നമനസ്സോടെ സഹകരിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. ഒടുവിൽ നിലനിൽപ് തന്നെ അപകടത്തിലായി ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് വിഴിഞ്ഞത്തെ തീരദേശ ജനത സമര രംഗത്തിറങ്ങിയതെന്ന് ജാഗ്രതാസമിതി ചൂണ്ടിക്കാട്ടി.

നിലനിൽപ്പിനുവേണ്ടിയുള്ള സമരങ്ങളെയൊക്കെ ദേശവിരുദ്ധമായും സാമൂഹ്യ പ്രവർത്തകരെയൊക്കെ വിദേശപണം കൈപ്പറ്റുന്നവരായും തീവ്രവാദ ബന്ധമുള്ളവരായും ചിത്രീകരിക്കുന്നത് അപലപനീയമാണ്. ഈ ജനതയോടും അവർക്ക് നേതൃത്വം കൊടുക്കുന്ന ലത്തീൻ സഭാ വൈദികരോടും സംസ്ഥാന സർക്കാർ അനുഭാവ പൂർവമുള്ള നിലപാട് സ്വീകരിക്കാൻ തയ്യാറാകണം. ഇതിനെ ലത്തീൻ സമുദായത്തിൻ്റെയൊ ഏതാനും വൈദികരുടെയൊ മാത്രം പ്രശ്നമായിക്കാണാതെ മുഴുവൻ തീരദേശജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നമായി കാണണം. ഈ വിഭാഗത്തിൻ്റെ മുഴുവൻ പ്രശ്നങ്ങളും ഇതോടൊപ്പം ചർച്ച ചെയ്യണം.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ജനവിഭാഗങ്ങളിൽ ഉൾപ്പെട്ടതാണ് വിഴിഞ്ഞത്തെ തീരദേശ മത്സ്യബന്ധന തൊഴിലാളികൾ. ഒരു വശത്ത് വികസനമെന്ന പേരിൽ തുറമുഖം യാഥാർഥ്യമാകുമ്പോൾ തീരശോഷണത്തിലൂടെ തൂത്തെറിയപ്പെടുന്ന ഈ ജനവിഭാഗങ്ങൾക്ക് മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള മൗലികാവകാശവുമാണ് നിഷേധിക്കപ്പെടുന്നത്. ഇവർക്ക് തക്കതായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക സംസ്ഥാന സർക്കാരിൻ്റെ കടമയാണ്. ഈ ഉത്തരവാദിത്തം യഥാവിധി നിർവഹിക്കാൻ സർക്കാർ തയ്യാറാകണം. വിഴിഞ്ഞത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ

മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതാധികാര സമിതി രൂപീകരിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഏറ്റവും കാര്യക്ഷമമായി പൂർത്തീകരിക്കണം. ഓഖി ദുരന്തത്തിനു ശേഷവും വിഴിഞ്ഞം പദ്ധതിയുടെ പ്രാരംഭ സമയത്തും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര, പുനരധിവാസ പാക്കേജുകൾ എത്രമാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം. ആറ് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും എന്നു പറഞ്ഞ വിഴിഞ്ഞം പാക്കേജ് ആറു വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിൻ്റെ കാരണം പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്.

പദ്ധതിപ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. അതിനു പകരം പ്രശ്നപരിഹാരത്തിനുള്ള സത്വര നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ശരിയായ പരിസ്ഥിതിക അനുമതിയോടെയാണോ വിഴിഞ്ഞം പദ്ധതി മുമ്പോട്ട് കൊണ്ടു പോകുന്നതെന്നു സർക്കാർ വ്യക്തമാക്കണമെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതി ആവശ്യപ്പെട്ടു.


Related Articles »