India - 2024
വിഴിഞ്ഞത്തെ ജനകീയ സമരത്തെ ക്രിസ്ത്യൻ സമരമായി മുദ്ര കുത്തുന്നത് ശരിയല്ല: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
പ്രവാചകശബ്ദം 02-12-2022 - Friday
കണ്ണൂർ: വിഴിഞ്ഞം സമരത്തിലെ ആവശ്യങ്ങള്‍ ന്യായമാണെന്നും ക്രൈസ്തവ സമരമെന്നും സഭാ സമരമെന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമരക്കാരെ അധികാരികൾ രാജ്യദ്രോഹികളായിചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവെക്കാനാണെന്നും ജനകീയ സമരത്തെ ലത്തീൻ സഭയുടെ സമരം ക്രിസ്ത്യാനികളുടെ സമരം എന്നൊക്കെ ബ്രാന്റ് ചെയ്യുന്നത് കേരളത്തിന് ചേർന്നതല്ലെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. ഫാ. തിയോഡേഷ്യസിന്‍റെ വർഗ്ഗീയ പരാമർശത്തെ ആർച്ച് ബിഷപ്പ് തള്ളി. ഇത്തരം പരാമർശങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലായെന്നും യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് തെന്നി മാറാനെ ഇത് കൊണ്ട് ഫലമുണ്ടാകുകയുള്ളൂവെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
തീരദേശ ജനതയ്ക്കു വേണ്ടിയുള്ള പുനരധിവാസ പാക്കേജ് നാളിതു വരെ നടപ്പായില്ല. പോർട്ട് ഒഴിവാക്കുക എന്നത് ഈ സാഹചര്യത്തിൽ പ്രായോഗികമാണെന്ന് കരുതുന്നില്ല.രാജ്യ വിരുദ്ധമായ ലക്ഷ്യം ആർക്കെങ്കിലുമുണ്ടെങ്കിൽ സർക്കാർ തന്നെ അക്കാര്യം ശരിയായി അന്വേഷിക്കുകയാണ് വേണ്ടത്.പുനരധിവാസ പാക്കേജ് നടപ്പാക്കാതെ തുറമുഖം തുറന്നാൽ ഒരു കാലത്തും പുനരധിവാസം നടക്കില്ല. ലത്തീൻ സഭയുടെ സമരത്തെ മറ്റ് സഭകളെല്ലാം അനുകൂലിക്കുന്നുണ്ട്. സഭകൾ തമ്മിൽ അകൽച്ചയും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് സമരത്തെ ദുർബലമാക്കുന്നതിന് സമാനമാണ്. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസം ഉണ്ട്. സമരത്തെ മനസിലാക്കാനും സമരത്തിന് പിന്നിൽ ഏതെങ്കിലും സാമൂഹ്യ വിരുദ്ധർ ഉണ്ടെങ്കിൽ അത് തിരിച്ചറിയാനും മുഖ്യമന്ത്രിക്കും പൊലീസിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.