Youth Zone - 2024

സാത്താനുമായുള്ള യുവജനങ്ങളുടെ അപകടകരമായ ബന്ധത്തെ കുറിച്ച് മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകര്‍

പ്രവാചകശബ്ദം 19-10-2022 - Wednesday

റോം: ഇന്നത്തെ യുവസമൂഹം സാത്താനുമായി വലിയ ബന്ധത്തിലാണെന്നും, സാത്താനുമായി ബന്ധം സ്ഥാപിക്കുന്ന യുവജനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണെന്ന ഗൗരവമേറിയ മുന്നറിയിപ്പുമായി ഇന്റര്‍നാഷ്ണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്‍ (ഐ.ഇ.എ) അംഗങ്ങളായ കത്തോലിക്ക ഭൂതോച്ചാടകര്‍. ഇറ്റലിയിലെ പാദുവായിലെ വിശുദ്ധ അന്തോണി പൊന്തിഫിക്കല്‍ മൈനര്‍ ബസലിക്കയിലെ ഫ്രാന്‍സിസ്കന്‍ ഭൂതോച്ചാടകനായ ഫാ. മാരിയോ മിന്‍ഗാര്‍ഡിയും, ഇറ്റലിയിലെ ഫോഗ്ഗിയായിലെ സാന്‍ സെവേരോ രൂപതയുടെ ഭൂതോച്ചാടകനായ ഫാ. മാറ്റിയോ ഡെ മിയോവുമാണ് വിഷയത്തിന്റെ ഗൌരവം അവതരിപ്പിച്ചത്.

ലോക പ്രശസ്ത ഇറ്റാലിയന്‍ ഭൂതോച്ചാടകനായിരിന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് സ്ഥാപിച്ച ഐ.ഇ.എ “ഇന്നത്തെ സമൂഹത്തിലെ ആഭിചാരപ്രവര്‍ത്തികള്‍ ക്രിസ്തീയ വിശ്വാസത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍” എന്ന വിഷയത്തെ ആസ്പദമാക്കി റോമില്‍ സംഘടിപ്പിച്ച ത്രിദ്വിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരിന്നു ഇരുവരും. 90% ആണ്‍കുട്ടികള്‍ക്കും സാത്താനുമായി നേരിട്ട് ബന്ധമുണ്ടെന്നും യുവാക്കള്‍ ഇന്റര്‍നെറ്റിലൂടെ മാന്ത്രിക വിദ്യകളും, ആചാരങ്ങളും പഠിക്കുകയാണെന്നും, അതുവഴി സാത്താനുമായി സംവദിക്കാറുണ്ടെന്നും ഫാ. മാരിയോ പറയുന്നു. രക്തം, ഭീകരത, അക്രമം, ലഹരി, ആത്മഹത്യ തുടങ്ങിയവയുള്ള സിനിമകളെ കുറിച്ചും, പരമ്പരകളെ കുറിച്ചും മാത്രമാണ് ഇന്നത്തെ യുവത്വം ചിന്തിക്കുന്നതെന്നും, അത് അവരുടെ മനസ്സുകളെ ആഭിചാരത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാത്താനുമായി ബന്ധം സ്ഥാപിക്കുന്നതിലെ അപകടത്തെക്കുറിച്ച് യുവജനങ്ങള്‍ ബോധവാന്‍മാരല്ലെന്ന്‍ പറഞ്ഞ ഫാ. മാരിയോ, സാത്താനുമായുള്ള ബന്ധം അവരെ കടുത്ത വിഷാദരോഗത്തിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടി. കൗമാരം തിരഞ്ഞെടുപ്പുകളുടെയും, പ്രതിസന്ധികളുടെയും കാലമാണെന്നും, അതിനാല്‍ യുവജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുകയും, ധാര്‍മ്മിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുകയും, അവരോട് കൂടുതല്‍ അടുക്കുകയും അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും, അവരെ ശരിയായ ദിശയിലേക്ക് നയിക്കുകയുമാണ്‌ വേണ്ടതെന്നു ഫാ. മാരിയോ നിര്‍ദ്ദേശിക്കുന്നു. അന്ധവിശ്വാസവും, ആഭിചാരമാണ് ഇക്കാലത്ത് ക്രിസ്ത്യന്‍ സഭകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ഫാ. മാറ്റിയോ ചൂണ്ടിക്കാട്ടി.

യുവത്വത്തിന്റെ അന്ധവിശ്വാസപരമായ മാനസികാവസ്ഥയെ വിലകുറച്ച് കാണരുതെന്നും, അതിന്റെ കാരണങ്ങളെ വേരോടെ പിഴുതെറിയുകയുമാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അധികാരത്തോടും ശക്തിയോടുമുള്ള ഭ്രമമാണ് യുവത്വത്തെ ആഭിചാരത്തോട് അടുപ്പിക്കുന്നത്. അതുവഴി അവര്‍ ചെയ്യുന്നത് വളരെ വലിയ തെറ്റാണ്. മാനസിക, ശാരീരിക മാര്‍ഗ്ഗങ്ങളിലൂടെ യുവത്വത്തിന്റെ വ്യക്തിജീവിതത്തെ അന്ധവിശ്വാസം താറുമാറാക്കുകയാണെന്നും, വിശ്വാസപരമായൊരു കാഴ്ചപ്പാട് യുവത്വത്തിന് നല്‍കുകയാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.


Related Articles »