News - 2024

അമേരിക്കയില്‍ പ്രോലൈഫ് നിയമത്തിനെതിരെ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളി

പ്രവാചകശബ്ദം 30-10-2023 - Monday

ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നിലവിൽ വന്ന പ്രോലൈഫ് നിയമത്തിനെതിരെ പൈശാചിക സംഘടനയായ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം തന്നെയാണ് സംഘടന കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ ഗവർണർ എറിക് ഹോൾകോമ്പിനയും, അറ്റോർണി ജനറൽ റ്റോഡ് റോക്കിത്തയെയും പ്രതിസ്ഥാനത്ത് നിർത്തിയുള്ള കേസാണ് ഇക്കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരിക്കുന്നത്. ഏതാനും ചില സാഹചര്യങ്ങളിൽ ഒഴിച്ച് ഭ്രൂണഹത്യ ചെയ്യാൻ പാടില്ലായെന്ന നിയമമാണ് ഇന്ത്യാനയിൽ പാസായത്. എന്നാൽ ഈ നിയമം ഭരണഘടനയും, സംസ്ഥാനത്തെ മതസ്വാതന്ത്ര്യ നിയമവും ലംഘിക്കുന്നതാണെന്ന് സാത്താനിക്ക് ടെമ്പിൾ ഹർജിയിൽ ആരോപിച്ചിരിന്നു.

ഭ്രൂണഹത്യ ചെയ്യുകയെന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും സംഘടന വാദിച്ചു. അതേസമയം ഇത്തരമൊരു ഹർജി കൊണ്ടുവരാനുള്ള സാത്താനിക്ക് ടെമ്പിളിന്റെ അവകാശത്തെ ജില്ലാ ജഡ്ജി ജയിൻ മാഗ്നസ്- സ്റ്റിൻസൺ ചോദ്യം ചെയ്തു. തെളിവുകൾ ഹാജരാക്കാനുള്ള അവസരവും, സമർപ്പിക്കപ്പെട്ട രേഖകളിൽ ആവശ്യമായ തിരുത്തൽ വരുത്താനുള്ള അവസരവും സംഘടനയ്ക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ അതിൽ പരാജയപ്പെട്ടുവെന്നും ജഡ്ജി നിരീക്ഷിച്ചു. പ്രോലൈഫ് നിയമം പാസാക്കപ്പെട്ടത് മൂലം എന്തെങ്കിലും നഷ്ടം സംഘടനയ്ക്ക് ഉണ്ടായെന്ന് തെളിയിക്കാൻ സാധിച്ചില്ലായെന്ന് കോടതി പറഞ്ഞു.

പ്രസ്തുത നിയമത്തിന് അനുകൂലമായി ജൂൺ മാസം സംസ്ഥാനത്തെ സുപ്രീം കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. നിയമപ്രകാരം അമ്മയുടെ ഉദരത്തിൽ ഉരുവായതിന് 10 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നടത്താൻ രണ്ട് സന്ദർഭങ്ങളിൽ മാത്രമേ അനുവാദമുണ്ടായിരിന്നുള്ളൂ. അസാധാരണ സന്ദർഭങ്ങളിൽ അമ്മയുടെ ജീവൻ അപകടത്തിൽ ആയിരിക്കുമ്പോഴോ, ഗർഭസ്ഥ ശിശുവിന് വലിയ വൈകല്യങ്ങൾ ഉണ്ടെങ്കിലോ ഭ്രൂണഹത്യ അനുവദിച്ചു നൽകുന്നതിനാണ് ഇളവുള്ളത്. അതേസമയം അബോര്‍ഷന്‍ എന്ന മാരക തിന്മയ്ക്കു വേണ്ടി സാത്താന്‍ സേവകര്‍ നടത്തിയ നിയമ പോരാട്ടം, ഭ്രൂണഹത്യ എത്രത്തോളം പൈശാചികമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ഇതിന് മുന്‍പ് നിരവധി പ്രാവശ്യം സാത്താന്‍ സേവകര്‍ ഭ്രൂണഹത്യയ്ക്കു വേണ്ടി തെരുവില്‍ ഇറങ്ങി സമരം ചെയ്തിട്ടുണ്ട്.


Related Articles »