News - 2025
ഹമാസ് സാത്താനാണ്, അവരെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനമുണ്ടാകില്ല: വിശുദ്ധ നാട്ടിലെ ക്രൈസ്തവ നേതാവ്
പ്രവാചകശബ്ദം 31-10-2023 - Tuesday
ടെല്‍ അവീവ്: ഹമാസ് തീവ്രവാദികളുടെ ഇടയിൽ പ്രവർത്തിക്കുന്നത് സാത്താനാണെന്നും അവരെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കുകയില്ലായെന്നും ഇസ്രായേലിലെ ക്രൈസ്തവ നേതാവായ ശാദി കലൂൾ. യഹൂദരെയും, ഇസ്രായേലികളെയും കൊല്ലുക, ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തുടങ്ങീയ ലക്ഷ്യങ്ങള്‍ മാത്രമാണ് തീവ്രവാദികള്‍ക്കുള്ളതെന്ന് 'ക്രിസ്റ്റ്യൻ പോസ്റ്റി'നു നൽകിയ അഭിമുഖത്തിൽ കലൂൾ പറഞ്ഞു.
യേശുക്രിസ്തു സംസാരിച്ച അറമായ ഭാഷ സംരക്ഷിക്കുന്നതിന് വേണ്ടി ഉത്തര ഇസ്രായേലിൽ അർമേനിയൻ ക്രൈസ്തവരോടു കൂടെയാണ് അദ്ദേഹം കഴിയുന്നത്. ഇസ്രായേലി ക്രിസ്ത്യൻ അറമായ അസോസിയേഷൻ എന്ന പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ കൂടിയാണ് കലൂൾ. ഇറാൻ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുളള യുദ്ധത്തിന്റെ ഭാഗമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംഘടനയ്ക്കു 50,000 മുതൽ ഒരു ലക്ഷം വരെ തീവ്രവാദികൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. കൂടാതെ മാരകമായ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടെന്ന് കലൂൾ ചൂണ്ടിക്കാട്ടി.
അതിർത്തിയിൽ ജീവിക്കുന്ന ഒരു ക്രൈസ്തവനെന്ന നിലയിലും, രാജ്യത്തോട് കൂറുള്ള പൗരനെന്ന നിലയിലും ആശങ്കയുണ്ട്. ഒരു പിതാവ് എന്ന നിലയിൽ അതിർത്തിയിൽ ഇരിക്കുന്ന രാക്ഷസനോടൊപ്പം ജീവിക്കാൻ താല്പര്യമില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിലെ മൂന്നാമത്തെ വലിയ പട്ടണമായ ഹയ്ഫ നഗരം അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, യഹൂദർ മാത്രമല്ല അവിടെ ക്രൈസ്തവരും ജീവിക്കുന്നുണ്ടെന്നും ശാദി കലൂൾ മുന്നറിയിപ്പ് നൽകി. അൽമ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ സ്ട്രാറ്റർജിക്ക് പാർട്ട്നർഷിപ്സിന്റെ അധ്യക്ഷന്‍ കൂടിയാണ് ശാദി കലൂൾ.