News - 2024

നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയ്‌ക്കായി ലാറ്റിൻ അമേരിക്കയില്‍ ഇന്നു പ്രാർത്ഥനാദിനമായി ആചരിക്കുന്നു

പ്രവാചകശബ്ദം 24-09-2024 - Tuesday

മനാഗ്വേ: ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലിന്റെ ആഹ്വാന പ്രകാരം ഇന്ന് സെപ്റ്റംബർ 24 നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയ്‌ക്കായി അന്താരാഷ്ട്ര പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. നിക്കരാഗ്വേ ഭരിക്കുന്ന സ്വേച്ഛാധിപതിയായ ഡാനിയല്‍ ഒര്‍ട്ടേഗ കത്തോലിക്ക സഭയ്ക്കു നേരെ നടത്തുന്ന അടിച്ചമര്‍ത്തല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സഭ കാരുണ്യ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്നേ ദിവസം പ്രാര്‍ത്ഥനാദിനമായി ലാറ്റിന്‍ അമേരിക്കയില്‍ ആചരിക്കുന്നത്. കൊളംബിയ, പനാമ, ഇക്വഡോർ, പെറു എന്നിവിടങ്ങളിൽ വൈകുന്നേരം 6:00 മണി മുതൽ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.

മെക്സിക്കോയിലും മധ്യ അമേരിക്കയിലും വൈകുന്നേരം 5:00 മണിക്ക് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനമുണ്ട്. സഹോദര രാഷ്ട്രത്തിൽ സഭ അതിൻ്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങൾ അനുഭവിക്കുകയാണെന്ന് CELAM #TodosConNicaragua എന്ന ഹാഷ്‌ടാഗോടെ ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസില്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അധികാരമുള്ളവർ ജനങ്ങളുടെ നിലവിളി കേൾക്കട്ടെ, ആയിരക്കണക്കിന് കുടിയേറ്റക്കാർക്കുവേണ്ടി, ക്രൂശിക്കപ്പെട്ടവൻ്റെ അതേ വേദന അനുഭവിക്കുന്ന സഭയ്ക്കുവേണ്ടി, ഒറ്റപ്പെട്ടുപോകുന്ന ഏറ്റവും ദരിദ്രർക്കും ദുർബലർക്കും വേണ്ടി പ്രാര്‍ത്ഥനാദിനം ആചരിക്കുകയാണെന്നും സഭാനേതൃത്വത്തിന്റെ കുറിപ്പില്‍ പറയുന്നു.

ഡാനിയേൽ ഒർട്ടെഗയുടെയും അദ്ദേഹത്തിൻ്റെ ഭാര്യയും വൈസ് പ്രസിഡൻ്റുമായ റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണകൂടം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കത്തോലിക്കാ സഭയെ ക്രൂരമായി വേട്ടയാടുകയാണ്. ഇപ്പോൾ റോമിൽ നാടുകടത്തപ്പെട്ട മതഗൽപ്പയിലെ ബിഷപ്പും എസ്തേലിയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മോൺസിഞ്ഞോർ റൊളാൻഡോ അൽവാരസ് ഉള്‍പ്പെടെയുള്ള ബിഷപ്പുമാരെയും വൈദികരെയും നാടുകടത്തിയതും കത്തോലിക്ക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും സര്‍ക്കാര്‍ നടത്തിയ സ്വേച്ഛാധിപത്യ ഇടപെടലുകള്‍ക്ക് ഉദാഹരണമാണ്.


Related Articles »