India - 2025
പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ തിരി തെളിയും
25-07-2024 - Thursday
ചങ്ങനാശേരി രൂപത വിഭജിച്ച്, പാലാ രൂപത സ്ഥാപിതമായിട്ട് ഇന്നേക്ക് 74 വര്‍ഷം. 1950 ജൂലൈ 25ന് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് പാലാ രൂപത സ്‌ഥാപിച്ചത്. 74 വർഷങ്ങൾക്കിപ്പുറം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയിൽ മൂന്നര ലക്ഷത്തോളം വിശ്വാസികളുണ്ട്. നാളെ ജൂലൈ 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സീറോ മലബർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർക്കൊപ്പം രൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുർബാനയിൽ സഹകാർമികരാകും. 1,166 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള രൂപത വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിൽ മുന്നിലാണ്. 480 വൈദികരാണ് രൂപതയിൽ സേവനം ചെയ്യുന്നത്. വിവിധ രൂപതകളിലായി 29 ബിഷപ്പുമാർക്ക് ജന്മം നൽകാൻ രൂപതയ്ക്ക് കഴിഞ്ഞു. രണ്ടായിരത്തോളം വൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നു.
