News - 2024

കുരിശുള്ള പതാക ഉയർത്താൻ വിസമ്മതിച്ച കേസ്; ക്രൈസ്തവ സംഘടനയ്ക്കു ബോസ്റ്റൺ നഗരസഭ 2 മില്യൺ ഡോളര്‍ നഷ്ട്ടപരിഹാരം നല്‍കും

പ്രവാചകശബ്ദം 10-11-2022 - Thursday

ബോസ്റ്റണ്‍ (അമേരിക്ക): കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ വിസമ്മതിച്ചതിന്റെ പേരിൽ സുപ്രീംകോടതി വരെ എത്തിയ കേസിൽ അമേരിക്കയിലെ ബോസ്റ്റൺ നഗരസഭ, ക്രൈസ്തവ സംഘടനയ്ക്കു 2.1 മില്യൺ ഡോളറിന് മുകളിൽ (16 കോടിയില്‍പരം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നൽകും. ഹാൾ ഷെർട്ട്ലഫ് എന്ന ബോസ്റ്റൺ സ്വദേശിക്കും, അദ്ദേഹത്തിൻറെ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ എന്ന ക്രൈസ്തവ സംഘടനയ്ക്കും വേണ്ടി ലിബർട്ടി കൗൺസിലാണ് നിയമ പോരാട്ടം നടത്തിയത്. അറ്റോർണിയുടെ ശമ്പളവും, മറ്റ് ചെലവുകളും ഭരണഘടനാ ദിനത്തിൽ നടന്ന കേസിലെ നഷ്ടപരിഹാരത്തിൽ ഉൾപ്പെടുമെന്ന് ചൊവ്വാഴ്ച ദിവസം ലിബർട്ടി കൗൺസിൽ പറഞ്ഞു. 2017 മുതല്‍ അഞ്ചുവർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ സുപ്രീംകോടതിയുടെ അനുകൂല വിധി ലഭിച്ചതിൽ ലിബർട്ടി കൗൺസിൽ സ്ഥാപകനും, അധ്യക്ഷനുമായ മാറ്റ് സ്റ്റാവർ സന്തോഷം രേഖപ്പെടുത്തി.

ഭരണഘടന ദിനത്തോടനുബന്ധിച്ച് നഗരത്തിലെ സിറ്റി ഹാൾ പ്ലാസയ്ക്ക് മുകളിൽ സർക്കാർ കെട്ടിടത്തിൽ കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ ഒരു മണിക്കൂർ നേരത്തേക്കാണ് ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ ഹാൾ ഷെർട്ട്ലഫിന്റെ അപേക്ഷ തള്ളിക്കളയുകയായിരുന്നു. 2005 മുതൽ 2017 വരെ പതാകകൾ ഉയർത്തുന്നതിന് സമർപ്പിക്കപ്പെട്ട 284 അപേക്ഷകൾക്ക് അനുമതി നൽകിയ നഗരസഭ ക്രിസ്ത്യന്‍ പതാക ഉയര്‍ത്തുന്നതിന് അടിസ്ഥാനപരമായി ഒരു കാരണവും കൂടാതെ തന്നെ അനുമതി നിഷേധിക്കുകയാണ് ചെയ്തത്. പില്‍ക്കാലത്ത് ഇസ്ലാമിക മത ചിഹ്നങ്ങളുള്ള തുർക്കിയുടെ പതാകയും, എൽജിബിടി വിഭാഗത്തിന്റെ പതാകയും ഉയര്‍ത്താന്‍ അനുമതി നല്കിയവരാണ് ബോസ്റ്റണ്‍ നഗരസഭ.

ഒന്നാം ഭരണഘടന ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമായാണ് സംഘടന നഗരസഭയുടെ നടപടിയെ വിശേഷിപ്പിച്ചത്. ഹാൾ ഷെർട്ട്ലഫിന്റെ അഭിപ്രായ സ്വാതന്ത്ര്യ അവകാശം മത ചിന്താഗതിയുടെ പേരിൽ ലംഘിക്കപ്പെട്ടുവെന്ന് മെയ് മാസം സുപ്രീംകോടതി ഐക്യകണ്ഠേന പറഞ്ഞിരുന്നു. ഇതിനുശേഷം ഓഗസ്റ്റ് മൂന്നാം തീയതി നഗരസഭാ കെട്ടിടത്തിന് മുകളിൽ ആക്ടിവിസ്റ്റുകൾ ചേർന്ന് ഹർഷാരവത്തോടെ പതാക ഉയർത്തി. പിന്നാലെ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നഗരസഭ ഓർഡിനൻസ് പാസാക്കിയിരുന്നു.


Related Articles »