News - 2024

‘സാത്താന്‍കോണ്‍’ പൈശാചിക കോൺഫറൻസിനെതിരെ ത്രിദിന പ്രാർത്ഥനായത്നവുമായി ബോസ്റ്റൺ രൂപത

പ്രവാചകശബ്ദം 25-04-2023 - Tuesday

ബോസ്റ്റൺ: ഏപ്രില്‍ 28 മുതല്‍ 30 വരെ ബോസ്റ്റണിലെ മാരിയട്ട് കോപ്ലിയില്‍ നടക്കുവാനിരിക്കുന്ന ‘സാത്താന്‍കോണ്‍’ എന്ന പൈശാചിക കോണ്‍ഫറന്‍സിനെതിരെ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും അടങ്ങുന്ന മൂന്ന്‍ ദിവസത്തെ പ്രാര്‍ത്ഥനായത്നവുമായി ബോസ്റ്റണ്‍ അതിരൂപത. കര്‍ദ്ദിനാള്‍ സീൻ ഒമാലിയുടെ നിര്‍ദ്ദേശാനുസരണമാണ് പ്രാർത്ഥനായജ്ഞമാണ് നടത്തുന്നതെന്നു അതിരൂപത വക്താവായ ടെറെന്‍സ് ഡോണിലോന്‍ ഏപ്രില്‍ 17-ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. “ആളുകളെ സാത്താനിലേക്ക് ആകര്‍ഷിക്കുക" എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സാത്താനിക കോണ്‍ഫറന്‍സിനുള്ള ബോസ്റ്റണ്‍ അതിരൂപതയുടെ മറുപടിയാണ് പ്രാര്‍ത്ഥന.

പൊതു സ്ഥലങ്ങളില്‍ കുരിശ് അടക്കമുള്ള വിശ്വാസപരമായ പ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും, കറുത്ത കുര്‍ബാന പോലെയുള്ള ആചാരങ്ങള്‍ വഴി ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സംഘടനയാണ് സാത്താനിക് ടെംപിള്‍. അതിരൂപതയില്‍ ഉടനീളം പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുവാനുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ചു വരികയാണെന്നും എല്ലാ ദേവാലയങ്ങളും, ആശ്രമങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ടെന്നും ബോസ്റ്റണ്‍ രൂപത വ്യക്തമാക്കി. വിശുദ്ധ മിഖായേല്‍ മാലാഖയുടെ പ്രാര്‍ത്ഥനയോട് കൂടിയ പ്രാര്‍ത്ഥനാ കാര്‍ഡും വിതരണം ചെയ്തുവരുന്നുണ്ട്.

2016-ല്‍ ബോസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മീറ്റിംഗ് കൂടുന്നതിന് മുന്‍പ് പൈശാചിക പ്രാര്‍ത്ഥന അനുവദിക്കണമെന്ന ആവശ്യം നിഷേധിച്ച മേയര്‍ ‘മിഷേല്‍ വു’വിനാണ് സാത്താനിക് ടെംപിള്‍, 'സാത്താന്‍കോണ്‍' സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സാത്താനിക് ടെംപിള്‍ ന്യൂ മെക്സിക്കോയില്‍ ഒരു സൗജന്യ അബോര്‍ഷന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. സാത്താന്‍ ആരാധകരുടെ അബോര്‍ഷന്‍ ആചാരമനുഷ്ടിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അബോര്‍ഷന്‍ മരുന്നുകള്‍ സൗജന്യമായി അയച്ചു തരുമെന്നായിരുന്നു സംഘടനയുടെ വാഗ്ദാനം. 2014-ല്‍ സാത്താനിക് ടെംപിള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ക്യാമ്പസിലും 2019-ല്‍ ഹൂസ്റ്റണിലും കറുത്ത കുര്‍ബാന നടത്തിയിരുന്നതും ഏറെ വിവാദമായിരിന്നു.


Related Articles »