News - 2025

ഫാദര്‍ ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും പുതിയ സന്ദേശം; അദ്ദേഹത്തെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നു

സ്വന്തം ലേഖകന്‍ 19-07-2016 - Tuesday

ഫാദര്‍ ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും പുതിയ സന്ദേശം പുറത്തുവന്നു. ഉടന്‍ തന്നെ ഫേസ്ബുക്കിലൂടെ ഫാദര്‍ ടോം സഹായാഭ്യര്‍ത്ഥന നടത്തുമെന്ന് പോസ്റ്റില്‍ പറയുന്നു. മീശയും താടിയും മുടിയും നീട്ടി വളര്‍ത്തിയ ഫോട്ടോ പോസ്റ്റിനൊപ്പമുണ്ട്. ഇതിനിടെ ഫാദര്‍ ടോമിനെ കണ്‍കെട്ടി പ്രഹരിക്കുന്നതായുള്ള വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിടുണ്ട്.

ടാജിനോന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നുമാണ് പുതിയ വീഡിയോ ദൃശ്യം പുറത്തു വന്നിരിക്കുന്നത്. വാട്ട്സ്അപ്പീല്‍ നിന്ന്‍ ലഭിച്ച ഫാദര്‍ ടോമിന്റെ വീഡിയോ എന്ന ഉള്ളടക്കത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ടുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇന്ന്‍ ബന്ധപ്പെട്ടപ്പോള്‍ പ്രസ്തുത വീഡിയോയുടെ ട്വിറ്റര്‍ ലിങ്ക് മറുപടിയായി അയച്ചിരിന്നു. ഇന്ന് 3.30pm നു അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൌണ്ടില്‍ നിന്നും പുതിയ ചിത്രം പോസ്റ്റ് ചെയ്യുകയായിരിന്നു.

2016 മാര്‍ച്ച് 4ാം തിയതിയാണ് ഭീകരർ യെമനിലെ ഏഡൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിക്കുകയും ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോയും ഫോട്ടോയും ഏവരെയും വീണ്ടും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഫാദര്‍ ടോമിനെ പ്രഹരിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക