Life In Christ

95-ാമത്തെ വയസ്സിലെ ലാറ്റിന്‍ ഗ്രാമ്മി അവാര്‍ഡ് നേട്ടം കര്‍ത്താവിന് സമര്‍പ്പിച്ച് ആഞ്ചെല അള്‍വാരെസ്

പ്രവാചകശബ്ദം 20-11-2022 - Sunday

ഹവാന: 95-ാമത്തെ വയസ്സിലെ ഏറ്റവും നല്ല പുതിയ കലാകാരിക്കുള്ള ലാറ്റിന്‍ ഗ്രാമ്മി അവാര്‍ഡ് നേട്ടം ദൈവത്തിന് സമര്‍പ്പിക്കുന്നതായി ആഞ്ചെല അള്‍വാരെസ്. വികാരനിര്‍ഭരമായ പ്രസംഗത്തിനിടയിലാണ് ആഞ്ചെല നേട്ടത്തില്‍ ദൈവത്തിനു നന്ദി അര്‍പ്പിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡ് ദൈവത്തിനു സമര്‍പ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. “ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതാണെങ്കിലും, അതിനെ തരണം ചെയ്യുവാന്‍ എപ്പോഴും ഒരു മാര്‍ഗ്ഗം ഉണ്ടായിരിക്കും. ദൈവവിശ്വാസത്തിനും സ്നേഹത്തിനും അത് നേടുവാന്‍ കഴിയും. ഞാന്‍ ഉറപ്പ് തരുന്നു, ഇപ്പോഴും ഒട്ടും വൈകിയിട്ടില്ല” എന്നായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ആഞ്ചെല നല്‍കിയ സന്ദേശം.

ആഞ്ചെലയുടെ പേരമകന്‍ കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരുന്നത് വരെ ആഞ്ചെല പാടിയ ഗാനങ്ങള്‍ ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു. ക്യൂബയില്‍ ജനിച്ച ആഞ്ചെലക്ക് കുട്ടിക്കാലം മുതലേ സംഗീതത്തോട് വളരെ പ്രിയമായിരുന്നു, എന്നാല്‍ പരസ്യമായ സംഗീത പ്രേമം പിതാവിന് ഇഷ്ടമില്ലാത്തതിനാല്‍ തന്റെ സംഗീത കമ്പം അവര്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഫിദേല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ വിജയവും, ക്രൈസ്തവ വിരുദ്ധ ഏകാധിപത്യവും വിവാഹിതയും 3 കുട്ടികളുടെ മാതാവുമായ ആഞ്ചെലയെ തന്റെ പ്രിയപ്പെട്ട നാടായ ക്യൂബ വിടുവാന്‍ നിര്‍ബന്ധിതയാക്കി. എന്നിരുന്നാലും ജീവിതത്തിലെ ബുദ്ധിമുട്ടുകളൊന്നും അഗാധമായ ദൈവവിശ്വാസമുള്ള ഒരു സ്ത്രീയായി മാറുന്നതില്‍ ആഞ്ചെലക്ക് തടസ്സമായില്ല.

നിരവധി തവണ ആഞ്ചെല തന്റെ ദൈവവിശ്വാസം പരസ്യമാക്കിയിട്ടുണ്ടെന്നു സ്പാനിഷ് വാര്‍ത്താ പത്രമായ എല്‍ മുണ്ടോ പറയുന്നു. “വിശ്വസിക്കുക എന്നതാണ് എന്റെ രഹസ്യം. എന്റെ എല്ലാ പ്രശ്നങ്ങളും ഉത്കണ്ഠകളും ഞാന്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ എല്ലാം അവന്റെ കൈകളില്‍ ഏല്‍പ്പിച്ചു. അവനാണ് തീരുമാനിക്കുന്നത്. എനിക്ക് വേണ്ടത് അവിടുന്ന് ചെയ്യും. എനിക്ക് വേണ്ടതും വേണ്ടാത്തതും അവിടുത്തേക്ക് അറിയാം” ആഞ്ചെല പറഞ്ഞു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ആഞ്ചെല തന്റെ ഗിത്താര്‍ വായനയും ഗാനം ചിട്ടപ്പെടുത്തലും ഒരിക്കലും മുടക്കിയിട്ടില്ല. 2016-ല്‍ പേരമകനായ കാര്‍ലോസ് ജോസ് അള്‍വാരെസ് അവളുടെ 50 ഗാനങ്ങള്‍ അടങ്ങിയ ഒരു നോട്ബുക്ക് കണ്ടെത്തുന്നത് വരെ ഇവയെല്ലാം സ്വകാര്യമായിരുന്നു.

ഇവ ഒരു ആല്‍ബമാക്കുവാന്‍ ജോസാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ 2021 വരെ ഈ പദ്ധതി യാഥാര്‍ത്ഥ്യമായില്ല. 2021-ല്‍ ലോസ് ഏഞ്ചലസില്‍ റിക്കോര്‍ഡ് ചെയ്ത ഈ ഗാനങ്ങള്‍ തരംഗമായി. നടനും, നിര്‍മ്മാതാവും, സംവിധായകനുമായ ആന്‍ഡി ഗാര്‍ഷ്യ ആഞ്ചെലയുടെ ജീവിതത്തേക്കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. 2022-ല്‍ ആന്‍ഡി ഗാര്‍ഷ്യയും ഗ്ലോറിയ എസ്തെഫാനും അഭിനയിച്ച 'ദി ഫാദര്‍ ഓഫ് ദി ബ്രൈഡ്' എന്ന സിനിമയില്‍ ആഞ്ചെല അതിഥി വേഷം ചെയ്തിരുന്നു. 95-ാമത്തെ വയസ്സില്‍ ഉന്നത ബഹുമതിക്ക് അര്‍ഹയായ ആഞ്ചെലയേ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

More Archives >>

Page 1 of 82