News - 2024

അംഗീകാരമില്ലാത്ത രൂപതയ്ക്ക് വേണ്ടി സഹായ മെത്രാനെ വാഴിച്ചു: ചൈനയോട് എതിർപ്പ് അറിയിച്ച് വത്തിക്കാൻ

പ്രവാചകശബ്ദം 28-11-2022 - Monday

വത്തിക്കാന്‍ സിറ്റി: ചൈനയിലെ ജിയാങ്സി എന്ന രൂപതക്കു വേണ്ടി ജോൺ പെങ് വെയ്‌ഷാവോ എന്ന സഹായമെത്രാനെ വാഴിച്ച ചൈനീസ് സർക്കാരിന്റെ നടപടിയെ വിമർശിച്ച് വത്തിക്കാൻ. ഫ്രാൻസിസ് മാർപാപ്പ നേരത്തെ യുജിയാങിലെ മെത്രാനായി നിയമിച്ച അദ്ദേഹത്തെ അനുമതിയില്ലാതെ ജിയാങ്സി രൂപതയ്ക്ക് വേണ്ടി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ആശ്ചര്യത്തോടും, വേദനയോടും കൂടിയാണ് ഈ നടപടിയെ നോക്കിക്കാണുന്നതെന്നു നവംബർ 26നു പുറത്തുവിട്ട പ്രസ്താവനയിൽ വത്തിക്കാൻ പറഞ്ഞു. പരിശുദ്ധ സിംഹാസനവും, ചൈനയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ സംവാദത്തിന്റെ ആത്മാവിന് ചേർന്ന വിധത്തിലുള്ള നടപടിയല്ല സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തിലുള്ള സംഭവം ഭാവിയിൽ സംഭവിക്കില്ലായെന്ന പ്രതീക്ഷ വത്തിക്കാൻ പ്രകടിപ്പിച്ചു.

പൊതുവായ താല്പര്യങ്ങൾക്ക് വേണ്ടി ബഹുമാനപൂർവ്വമുള്ള സംവാദം തുടരുന്നതിനു വേണ്ടിയുള്ള സന്നദ്ധത പരിശുദ്ധ സിംഹാസനം ആവർത്തിച്ചു വ്യക്തമാക്കി. ജിയാങ്സി രൂപതയുടെ അതിര് വത്തിക്കാന്റെ അനുമതിയില്ലാതെ ചൈനീസ് സർക്കാരാണ് നിർണയിച്ചത്. യുജിയാങ് രൂപതക്കുവേണ്ടി 2014 ഫ്രാൻസിസ് മാർപാപ്പ നിയമിച്ച ജോൺ പെങ്ങ് ആറുമാസം തടവ്ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രാദേശിക മെത്രാനായ ജോൺ ബാപ്റ്റിസ്റ്റ് ലീയുടെ നേതൃത്വത്തിൽ നഞ്ചാങിൽ നടന്ന അദ്ദേഹത്തിന്റെ പുതിയ മെത്രാഭിഷേക ചടങ്ങിൽ ഏകദേശം ഇരുന്നൂറോളം ആളുകളാണ് പങ്കെടുത്തത്.

വത്തിക്കാനും, ചൈനയും തമ്മിൽ മെത്രാന്മാരെ വാഴിക്കുന്നത് സംബന്ധിച്ചുള്ള കരാർ രണ്ടുവർഷം കൂടി പുതുക്കിയത് കഴിഞ്ഞ മാസമായിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ ഭാഗത്തുനിന്ന് ന്യായീകരിക്കാൻ സാധിക്കാത്ത നടപടി ഉണ്ടായിരിക്കുന്നത്. ഇതിനിടയിൽ വത്തിക്കാൻ - ചൈന കരാറിന്റെ കടുത്ത വിമർശകനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ ചൈനയിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരൻ ആണെന്ന് ഹോങ്കോങ്ങിലെ കോടതി വിധിച്ചു. 4000 ഹോങ്കോങ് ഡോളർ കർദ്ദിനാൾ സെൻ പിഴത്തുകയായി നൽകണമെന്നാണ് വിധി.


Related Articles »