News - 2024

സർക്കാരിന്റെ തടവിൽ കഴിയുന്ന മെത്രാന്റെ ജന്മദിനം പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ച് നിക്കരാഗ്വേയിലെ വിശ്വാസികൾ

പ്രവാചകശബ്ദം 30-11-2022 - Wednesday

മനാഗ്വേ: മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ടു തടവിൽ കഴിയുന്ന മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിന്റെ പിറന്നാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ച് നിക്കരാഗ്വേയിലെ വിശ്വാസികൾ. നവംബർ 27നു സാൻ പെദ്രോ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിലും പ്രാര്‍ത്ഥനയിലും ഇതര ചടങ്ങിലും നിരവധി ആളുകളാണ് പങ്കെടുത്തത്. ബിഷപ്പ് റോളണ്ടോയെ തങ്ങൾക്ക് നൽകിയതിന് ദൈവത്തിനു വിശ്വാസി സമൂഹം നന്ദി അര്‍പ്പിച്ചു. ചടങ്ങില്‍ ബിഷപ്പിന്റെ അസാന്നിധ്യത്തില്‍ രൂപതയുടെ മെത്രാൻ ഉപയോഗിക്കുന്ന സ്ഥാനിക പീഠത്തിൽ അവർ ബിഷപ്പ് റോളാണ്ടോയുടെ ഒരു ചിത്രവും സ്ഥാപിച്ചിരിന്നു.

ആഗമന കാലത്തിന്റെ ആദ്യത്തെ ഞായറാഴ്ചയാണ് പിറന്നാൾ ആഘോഷം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ഫാ. ജാഡർ ഡാനിയല്ലോ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തടവിൽ കഴിയുന്ന ബിഷപ്പിനും, വൈദികർക്കും, ദൈവജനത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശുദ്ധ കുർബാനയുടെ സമയത്ത് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. അവിടെവെച്ചിരുന്ന പൂക്കൾ ബിഷപ്പിനോടുള്ള ബഹുമാനാർത്ഥം വെച്ചിരിക്കുന്നതാണെന്ന്‍ പറഞ്ഞ വൈദികൻ അദ്ദേഹത്തിന് വേണ്ടി വിശ്വാസികളോടൊപ്പം ഒരു ഗാനവും ആലപിച്ചു.

ഓഗസ്റ്റ് 19-നാണ് മതഗൽപയിലെ മെത്രാസന മന്ദിരത്തിൽ നിന്നും പോലീസ് ബിഷപ്പ് റോളണ്ടോയെ അറസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും, അധികാരികളെ ആക്രമിക്കുന്നതിനായി അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാനും ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഒര്‍ട്ടേഗയുടെ ഭാര്യാ സഹോദരനായ ഫ്രാന്‍സിസ്കോ ഡിയാസിന്റെ നേതൃത്വത്തിലുള്ള ദേശീയ പോലീസ് ഉന്നയിക്കുന്നത്. പിന്നീട് അദ്ദേഹത്തെ മനാഗ്വേയിലേക്ക് കൊണ്ടുപോയി.

ബിഷപ്പിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂറോപ്യൻ പാർലമെന്റ് സെപ്റ്റംബർ പതിനഞ്ചാം തീയതി പ്രമേയം പാസാക്കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുന്‍പ് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം ഡോക്ടറിനെ നിരന്തരം സന്ദർശിച്ചിരുന്ന ബിഷപ്പ് റോളണ്ടോയുടെ ആരോഗ്യത്തില്‍ ക്ഷയമുണ്ടെന്നാണ് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Related Articles »