News - 2024

നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം മൂന്ന് വൈദികരെ കൂടി പുറത്താക്കി

പ്രവാചകശബ്ദം 22-01-2024 - Monday

മനാഗ്വേ: നിക്കരാഗ്വേ ഭരിക്കുന്ന ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെ സ്വേച്ഛാധിപത്യ ഭരണകൂടം മൂന്ന് കത്തോലിക്ക വൈദികരെ കൂടി പുറത്താക്കി. നിയമപരമായ പൌരത്വം റദ്ദാക്കിയതിന് ശേഷമാണ് രാജ്യത്തു നിന്നു പുറത്താക്കിയതെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഗവേഷകയായ മാർത്ത പട്രീഷ്യ മോളിന പറഞ്ഞു.

രാജ്യത്തു നിന്നു പുറത്താക്കപ്പെട്ടവരില്‍ രണ്ടു വൈദികര്‍ മെക്സിക്കൻ പൗരന്മാരാണ്. പുറത്താക്കപ്പെട്ടവരില്‍ ഫാ. എസെക്വൽ ബ്യൂൻഫിൽ, മിഷ്ണറീസ് ഓഫ് ഹോളി സേവ്യർ കോൺഗ്രിഗേഷന്‍ അംഗം ഫാ. എറിക്ക് ഫിഗുറോവ, ഫാ. ഡേവിഡ് പെരെസ് എന്നീ വൈദികര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ച രണ്ട് ബിഷപ്പുമാർ, 15 വൈദികർ, 2 സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഏകാധിപത്യ ഭരണകൂടം മോചിപ്പിച്ച് റോമിലേക്ക് നാടുകടത്തിയിരിന്നു. ഇവരെ വത്തിക്കാന്‍ ഏറ്റെടുത്തു.

ഇതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് വൈദികരെ കൂടി പുറത്താക്കിയത് സഭയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനത്തിനൊപ്പം നിലകൊണ്ടതിനും നാടുകടത്തുന്നതിന് വിസമ്മതം കാണിച്ചതിന്റെ പേരിലും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസ് 500 ദിവസമാണ് അന്യായമായി തടവിലാക്കപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസം വത്തിക്കാന് കൈമാറിയവരില്‍ ബിഷപ്പ് അൽവാരസും ഉള്‍പ്പെടുന്നു.


Related Articles »