News - 2024

നൈജീരിയയില്‍ നിന്നും തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനും വിശ്വാസികളും മോചിതരായി

പ്രവാചകശബ്ദം 01-12-2022 - Thursday

അബുജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും നവംബര്‍ 24-ന് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. പീറ്റര്‍ അബാങ് ഒച്ചാങ്ങും അഞ്ചു കത്തോലിക്ക വിശ്വാസികളും മോചിതരായി. ഒഗോജ രൂപതാ വികാരി ജനറാള്‍ ഫാ. പീറ്റര്‍ അബ്യുവാണ് ഇക്കാര്യം അറിയിച്ചത്. നൈജീരിയയിലെ ക്രോസ് റിവര്‍ സംസ്ഥാനത്തിലെ ഒഗോജ രൂപതയിലെ സെന്റ്‌ സ്റ്റീഫന്‍ റോമന്‍ കത്തോലിക്ക മിഷന്‍ (ആര്‍.സി.എം) ഇടവക വികാരിയായിരിന്നു ഫാ. പീറ്റര്‍ അബാങ്. നസറാവാ സംസ്ഥാനത്തിലെ സഭാസംബന്ധമായ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം അബൂജയിലേക്ക് മടങ്ങും വഴിയാണ് ഫാ. പീറ്റര്‍ അബാങ്ങും, സെന്റ്‌ ജൂഡ് സൊസൈറ്റി അംഗങ്ങളായ രണ്ടു പുരുഷന്‍മാരും മൂന്ന്‍ സ്ത്രീകളും അടങ്ങുന്ന ആറംഗ സംഘം തട്ടിക്കൊണ്ടുപോകപ്പെടുന്നത്.

വൈദികരെയും, വിശ്വാസികളെയും തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ എളുപ്പത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗമായി സായുധധാരികള്‍ കണാക്കാക്കിയിരിക്കുകയാണ്. ഈ വര്‍ഷം തട്ടിക്കൊണ്ടുപോകപ്പെടുന്ന വൈദികരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കത്തോലിക്കാ വാര്‍ത്താ മാധ്യമമായ 'ഏജന്‍സിയ ഫിദെസി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നിരുന്നാലും ഫാ. പീറ്റര്‍ ഉള്‍പ്പെട്ട സംഘത്തെ തട്ടിക്കൊണ്ടുപോയത് സഭയെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് പറയുവാന്‍ കഴിയില്ലെന്നു ഫാ. പീറ്റര്‍ അബ്യു പറയുന്നു. മേഖലയില്‍ സജീവമായ കൊള്ളക്കാര്‍ അവരെ ഇരയാക്കുകയായിരിന്നുവെന്നും സംഘത്തിനുണ്ടായ അനുഭവം ആര്‍ക്കും സംഭവിക്കാവുന്നതാണെന്നും ഫാ. പീറ്റര്‍ അബ്യു പ്രസ്താവിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ മേഖലയില്‍ തട്ടിക്കൊണ്ടുപോകലും, കവര്‍ച്ചയും പതിവായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്തു വിശ്വാസത്തെ പ്രതി ക്രൈസ്തവര്‍ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഫുലാനി ഗോത്രവര്‍ഗ്ഗമായാലും, ബൊക്കോഹറാം ആയാലും ഇസ്ലാം മാത്രമുള്ള നൈജീരിയയെ സ്വപ്നം കണ്ട് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുക എന്ന ഒരേ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലായെന്ന വസ്തുത ആഗോള പ്രസിദ്ധമാണ്. എന്നാല്‍ പാശ്ചാത്യ ലോകവും നൈജീരിയന്‍ ക്രൈസ്തവരെ ഏറെക്കുറെ അവഗണിച്ച നിലയിലാണ്. നൈജീരിയയില്‍ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്ന സത്യം അംഗീകരിക്കുവാന്‍ പോലും പല പാശ്ചാത്യ രാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ലായെന്നതാണ് ഖേദകരമായ വസ്തുത.

More Archives >>

Page 1 of 805