News - 2024

ആഗമന കാലത്തില്‍ തിരുപ്പിറവിക്കായി ഒരുങ്ങുന്നതിന് വേണ്ട 3 കാര്യങ്ങള്‍ സൂചിപ്പിച്ച് കൊളംബിയന്‍ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 03-12-2023 - Sunday

ബൊഗോട്ട: ലോക രക്ഷകനായ ക്രിസ്തുവിന്റെ തിരുപ്പിറവിക്കായി തയ്യാറെടുക്കുന്ന ഈ ആഗമന കാലത്തില്‍ മനസ്സില്‍ സൂക്ഷിക്കേണ്ട മൂന്ന്‍ സവിശേഷമായ കാര്യങ്ങള്‍ സൂചിപ്പിച്ച് കൊളംബിയന്‍ മെത്രാന്‍ സമിതി (സി.ഇ.സി) പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ലൂയിസ് ജോസ് അപാരിസിയോ നടത്തിയ ആഹ്വാനം ശ്രദ്ധ നേടുന്നു. നവംബര്‍ 28-ന് കൊളംബിയന്‍ എപ്പിസ്കോപ്പേറ്റിന്റെ സ്ഥിര സെക്രട്ടറിയേറ്റിന്റെ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്ത വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് ബൊഗോട്ട അതിരൂപതയുടെ അധ്യക്ഷന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് ലൂയിസ് ജോസ് ഈ ആഹ്വാനം നടത്തിയതെന്നു ‘സി.ഇ.സി’യുടെ വെബ്സൈറ്റില്‍ പറയുന്നു. ആഗമന കാലം സമൂഹത്തിന്റെ സൗഖ്യത്തിനായുള്ള പ്രതീക്ഷ കൂടിയാണെന്ന കാര്യം മനസ്സില്‍വെക്കണമെന്നു മെത്രാപ്പോലീത്ത വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ജനങ്ങളുടെ ജീവിത സൗഖ്യത്തിനായുള്ള പ്രതീക്ഷയും വെളിച്ചവുമാണ് ആഗമനകാലമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ദൈവത്തിന്റെ ആഗമനം, അതായത് പൂര്‍ണ്ണ മഹത്വത്തില്‍ നിന്നു വരുന്ന ദൈവ സാന്നിധ്യത്തിന്റെ ഫലങ്ങള്‍ സമൂഹത്തിലാണ് ആദ്യം പ്രതിഫലിക്കുക. ഈ സമയത്ത് യുദ്ധത്തിന് വേണ്ടി തയ്യാറെടുക്കരുത്. മറിച്ച് അനുരജ്ഞനത്തിനും, ചര്‍ച്ചകള്‍ക്കും വേണ്ടിയുള്ള പരിശീലനമാണ് നടത്തേണ്ടത്. മറ്റുള്ളവരുടെ ജീവിതങ്ങളെ ബഹുമാനിച്ചുകൊണ്ട് നാം നേരിടുന്ന സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുവാന്‍ നാം പരിശീലിക്കണം. നമ്മള്‍ ആയുധങ്ങളല്ല എടുക്കേണ്ടത്, ഒരു സമൂഹമെന്ന നിലയില്‍ നമ്മളെത്തന്നേ കെട്ടിപ്പടുക്കുവാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

രണ്ടാമതായി ആഗമനകാലം കുടുംബങ്ങളിലെ പ്രകാശത്തിന്റെ കാലമാണെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ആഗമനത്തിന്റെ സ്ഥലം കുടുംബമാണ്. കുടുംബ ചരിത്രത്തില്‍ ക്രിസ്തുവിനുള്ള സ്ഥാനവും വീണ്ടും കണ്ടെത്തുന്നതിനുള്ള സമയം കൂടിയാണ് അത്. മറ്റുള്ളവരേകൂടി കണക്കിലെടുത്ത് ഒരുമയോടെ താമസിക്കുവാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ നമ്മെ അനുവദിക്കുന്ന യേശുവിന്റെ സ്നേഹത്തേ പ്രതിഫലിപ്പിക്കുന്ന ഒരു വെളിച്ചം എല്ലാ കുടുംബത്തിലും ഉണ്ടായിരിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.

ആഗമനകാലം വ്യക്തിപരമായ സൗഖ്യത്തിനുള്ള കാലം കൂടിയാണെന്ന കാര്യം മനസ്സില്‍ സൂക്ഷിക്കണമെന്ന് മെത്രാപ്പോലീത്ത മൂന്നാമതായി ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ഓരോരുത്തരും തുറന്ന വാതിലുകളുള്ള ഒരു വീടാണ്. നമ്മുടെ ഹൃദയത്തിന്റേയും ജീവിതത്തിന്റേയും വാതിലുകള്‍ തുറന്നാല്‍ ക്രിസ്തു വരും. അവിടുന്നു വെളിച്ചമാണ്. നമ്മുടെ കുടുംബത്തിലും, സമൂഹത്തിലും എല്ലാറ്റിലുമുപരിയായി നമ്മുടെ മനസാക്ഷിയിലും ക്രിസ്തു ഉണ്ടാകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ആഗമനകാലം കുടുംബങ്ങള്‍ ദൈവസ്നേഹത്താല്‍ പ്രബുദ്ധരാകട്ടെയെന്നും, പുതിയ ആരാധനാവര്‍ഷം സഭയ്ക്കും ദൈവജനത്തിനും ആനന്ദത്തില്‍ ഒരുമിച്ച് നടക്കുവാനുള്ള ഒരവസരം കൂടിയായി മാറട്ടെയെന്നു ആശംസിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത അവസാനിപ്പിച്ചത്.


Related Articles »