News

പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ വിചാരണ നീളുന്നതിനെതിരെ നൈജീരിയന്‍ മെത്രാന്‍

പ്രവാചകശബ്ദം 10-12-2022 - Saturday

അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഇസ്ലാമിക തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായവരെ വിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്ന് നൈജീരിയയിലെ എകിറ്റി രൂപതാധ്യക്ഷന്‍ ഫെലിക്സ് ഫെമി അജാകായ. ജൂണ്‍ 5നു നൈജീരിയയിലെ ഒണ്‍ഡോ രൂപതയിലെ ഒവ്വോയിലെ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ദേവാലയത്തില്‍ 39 കത്തോലിക്കരുടെ ജീവനെടുക്കുകയും എണ്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം ആഗോള തലത്തില്‍ ഏറെ ചര്‍ച്ചയായിരിന്നു. കൂട്ടക്കൊല നടന്നു ആറ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിചാരണയൊന്നും നടക്കാത്ത സാഹചര്യത്തിലാണ് “നൈജീരിയ ഇപ്പോഴും കാത്തിരിക്കുന്നു” എന്ന തലക്കെട്ടോടെയുള്ള പ്രസ്താവനയുമായി മെത്രാന്‍ രംഗത്ത് വന്നിരിക്കുന്നത്.

2022 ഡിസംബര്‍ 5-ന് ആക്രമണം നടന്ന് 6 മാസം തികയുകയാണെന്നും, മരിച്ചവരെ അടക്കം ചെയ്തുവെങ്കിലും, കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും ഇപ്പോഴും ദുഃഖകരമായ മാനസികാവസ്ഥയിലാണെന്നും അതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ വാഗ്ദാനങ്ങള്‍ക്കപ്പുറത്തേക്ക് പോയി സംശയിക്കപ്പെടുന്നവരെ വിചാരണ ചെയ്യണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരും ഇപ്പോഴും കടുത്ത മാനസികാഘാതത്തിലാണ്. ദേശീയമായും അന്താരാഷ്ട്ര തലത്തിലും നിലവിളികളും, അപലപിച്ചുകൊണ്ടുള്ള പ്രസ്താവനകളും, വാഗ്ദാനങ്ങളും ഉണ്ടായി. ആറു മാസങ്ങള്‍ കഴിഞ്ഞിട്ടും കൂട്ടക്കൊലയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലത്തിനുവേണ്ടി നൈജീരിയക്കാര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് ഖേദകരമാണെന്നും ബിഷപ്പ് പ്രസ്താവിച്ചു.

നേരത്തെ ജൂണ്‍ 23-ന് ഒണ്‍ഡോ സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ സംശയിക്കപ്പെടുന്ന ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്‍ അറിയിച്ചിരുന്നു. ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെന്ന് സംശയിക്കപ്പെടുന്ന നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) തലവനായ ജനറല്‍ ലക്കി ഇരാബോര്‍ അറിയിച്ചു. ഇദ്രിസ് ഒമെയിസാ (ബിന്‍ മാലിക്), മാമോ അബുബേക്കര്‍, അലിയു ഇടോപ, ഓവല്‍ ഒനിമിസി എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ ജനറല്‍ ഈ പ്രഖ്യാപനം നടത്തിയിട്ട് മൂന്ന്‍ മാസങ്ങള്‍ കഴിഞ്ഞുവെന്ന് ബിഷപ്പ് ഫെമി ചൂണ്ടിക്കാട്ടി. മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മെത്രാന്റെ പ്രസ്താവന അവസാനിക്കുന്നത്. ക്രൈസ്തവ കൂട്ടക്കൊല കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ അനുദിനം ആക്രമണങ്ങള്‍ പെരുകുമ്പോഴും ഭരണകൂടത്തിന്റെ നിശബ്ദത തുടരുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 807