India - 2024

വിശ്വാസ സംഗമത്തിന് നാലാഞ്ചിറ വേദിയായി

12-12-2022 - Monday

തിരുവനന്തപുരം: ദേശബോധത്തിന്റെയും ക്രൈസ്തവ സാഹോദര്യത്തിന്റെയും പുനർ സമർപ്പണമാണ് വിശ്വാസ സംഗമത്തിലൂടെ പ്രഘോഷിക്കപ്പെട്ടതെന്നു കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മനുഷ്യാവകാശ ദിനമായ ഇന്നലെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിശ്വാസ സംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ ഇത്തരം സമ്മേളനങ്ങളെ കാണുന്നവരുണ്ടാകാം. എന്നാൽ ഏറ്റവും പ്രസക്തമായത് നമ്മുടെ കൂടിവരവ് നമ്മെ ഒരുമയിലേക്കു നയിക്കുന്നുവെന്നതാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകളുടെ മുഖ്യധാരാ പ്രവേശനത്തിൽ ഇത്തരം സമ്മേളനങ്ങൾ പ്രസക്തമാണ്. വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവർ തമ്മിലുള്ള മുറിഞ്ഞു പോകാത്ത ബന്ധം ഊഷ്മളമായി കാത്തു സൂക്ഷിക്കുന്നതിൽ നമ്മുടെ ഈ കൂടിവരവ് അനുഗൃഹീതമാകും. അതിന് സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ബൈബിൾ നമ്മെ പഠിപ്പിക്കുന്നത് ഒന്നു മാത്രമാണെന്നും അത് സ്നേഹമാണെന്നും വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്ത ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് നിർണായക സംഭാവനകൾ നൽകിയവരാ ണ് ക്രൈസ്തവ സമൂഹമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതസ്ഥരെ ഒരുമിച്ചിരുത്തി അവർക്കു വിദ്യ പകർന്നുകൊടുത്ത വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയാണ് ഈ അവസരത്തിൽ ഓർമിക്കുന്നതെന്നു ചടങ്ങിൽ പ്രസംഗിച്ച ശശി തരൂർ എംപി പറഞ്ഞു.

75-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര വാളകം മേഴ്സി ആശുപത്രിയുടെ ഒരേക്കർ സ്ഥലത്ത് നിർധനരായ 75 പേർക്കു വേണ്ടി ആക്ട് നിർമി ക്കുന്ന ഭവന സമുച്ചയമായ ഗ്രേസ് ഹോമിന്റെ മാതൃക ചടങ്ങിൽ ആശുപത്രി എംഡി ഡോ. റോയ് പി. അലക്സാണ്ടറും ഗ്രേസ് ഹോം കോ-ഓർഡിനേറ്റർ മിനർവ മോഹനും ചേർന്ന് ഇക്ബാൽ സിംഗ് ലാൽപുരയ്ക്കു കൈമാറി. എറണാകുളത്ത് ആരംഭിക്കുന്ന ക്രിസ്റ്റ്യൻ മിഷനറി മ്യൂസിയത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസിന്റെ (ആക്ട്) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയി ൽ 120 ക്രൈസ്തവ സഭകളുടെ പ്രതിനിധികളാണ് പങ്കാളികളായത്.

ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിൽ വിവിധ സഭാധ്യക്ഷന്മാരായ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ ഗ്രിഗോറിയോസ് ജോസഫ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സെവേറിയോസ് മാർ കുര്യാക്കോസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സാൽവേഷൻ ആർമി മേധാവി കേണൽ ഗ്രബി യേൽ ടി. ക്രിസ്റ്റീൻ, ലൂഥറൻ സഭ പ്രസിഡന്റ് റവ. മോഹൻ മാനുവൽ, നടൻ ബാബു ആന്റണി, മുതിർന്ന കോൺഗ്രസ് നേതാവ് എം.എം.ഹസൻ, ബിജെപി നേതാവ് ജെ.ആ ർ.പത്മകുമാർ, വിവിധ സഭകളിലെ പാസ്റ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സുവിശേഷ പ്രസംഗകരായ ബ്രദർ പി.ജി. വർഗീസും ഫാ.ഡാനിയൽ പൂവണ്ണത്തിലും വചന പ്രഘോഷണം നടത്തി.


Related Articles »