India - 2025
മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാർഷിക സംഗമം കൊണ്ടാടി
പ്രവാചകശബ്ദം 22-09-2024 - Sunday
വിഴിഞ്ഞം: മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാർഷിക സംഗമം ആഘോഷമാക്കി വിശ്വാസികൾ. കേരളത്തിലെയും വിദേശത്തുനിന്നുൾപ്പെടെയും കാൽ ലക്ഷത്തോളംപേർ വെങ്ങാനൂരിൽ ഒത്തുചേർന്നു. തുവെള്ള വസ്ത്രമണിഞ്ഞുള്ള അൾത്താര ബാലൻമാരും എംസിസിഎൽ അംഗങ്ങളും സംഗമത്തിന് കൂടുതൽ മിഴിവേകി. രണ്ട് ദിവസമായി പാറശാല രൂപ ത അതിഥേയത്വം വഹിച്ച പരിപാടിക്ക് ഇന്നലെ പരിസമാപ്തി കുറിച്ചു. വെങ്ങാനൂർ വിപിഎസ് മലങ്കര എച്ച്എസിലെ മാർ ഈവാനിയോസ് നഗറിൽ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവക്കൊപ്പം മലങ്കര സഭയിലെ എല്ലാ രൂപ താധ്യക്ഷൻമാരും മറ്റ് പിതാക്കൻമാരും പങ്കെടുത്തു.
ഇന്നലെ രാവിലെ പേപ്പൽ പതാകയും കാതോലിക്കാ പതാകയും ഉയർത്തിയ ശേഷം നടന്ന എംസിസിഎൽ സഭാതല സംഗമവും എംസിവൈഎം അന്തർ ദേശീയ യുവജന കൺവെൻഷനും നടന്നു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ മുഖ്യാതിഥിയായി. 10.30ന് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സമൂഹദിവ്യബലി നടന്നു. ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വചനസന്ദേശം നൽകി. പാറശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് നേതൃത്വം നൽകി.
തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, മാവേലിക്കര ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ്, പത്തനംതിട്ട ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്, മാർത്താണ്ഡം ബിഷപ്പ് ഡോ. വിൻസൻ്റ മാർ പൗലോസ്, ഗുഡ്‌ഗാവ് ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യ സ്, പുത്തൂർ ബിഷപ്പ് ഗീവർഗീസ് മാർ മക്കാറിയോസ്, കുരിയ ബിഷപ്പ് ആന്റണി മാർ സിൽവാനോസ്, തിരുവനന്തപുരം സഹായ മെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ്, പത്തനംതിട്ട മുൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം, മുവാറ്റുപുഴ മുൻ മെത്രാൻ ഏബ്രഹാം മാർ ജൂലിയോസ് എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ വൈദികരും സന്ന്യസ്‌തരും മറ്റ് പ്രമുഖ വ്യക്തികളും വാ ർഷികാഘോഷത്തിൽ പങ്കെടുത്തു.