India - 2025
ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേൽ വിടവാങ്ങിയിട്ട് 50 വർഷം
22-09-2024 - Sunday
കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്‌ടറും ദേശീയ ഓർഗനൈസ റുമായിരുന്നുകൊണ്ട് കുഞ്ഞു മിഷ്ണറി മാസികയ്ക്ക് രൂപം കൊടുത്തും വൊ ക്കേഷൻ ബ്യൂറോ സ്ഥാപിച്ചും കേരളത്തിലെ ആയിരക്കണക്കിന് യുവതീയുവാക്കളെ സന്യസ്തരും വൈദികരുമായി തീരാൻ സഹായിച്ച ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേൽ വിടവാങ്ങിയിട്ട് 50 വർഷം. മാർ സെബാസ്റ്റ്യൻ വയലിലിനോടു ചേർന്നുനിന്നുകൊണ്ട് വൈദികർക്കായി എംഎസ്ടി പ്രേഷിതസമൂഹത്തിനും സന്യാസിനികൾക്കായി ഡിഎസ്‌ടി സന്യാസിനി സമൂഹത്തിനു രൂപവും ഭാവവും നൽകുന്നതിലും നിസ്തുല പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം.
അനേകം വൈദികരെയും സന്യാസിനികളെയും സീറോ മലബാർ സഭയ്ക്കു സംഭാവന നൽകാൻ നിമിത്തമായ സവിശേഷ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു ഫാ. ഏബ്രഹാം. നോർത്ത് ഈസ്റ്റിലേക്ക് തൻ്റെ പ്രേഷിതപ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമ്പാറ ദീപ്തി ഭവനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയിൽ സ്കൂട്ടറപകടത്തിൽപ്പെട്ട് 1974 സെപ്റ്റംബർ 22ന് അന്തരിച്ചു. ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേലിൻ്റെ 50-ാം ചരമവാർഷികം നവംബർ രണ്ടിന് അദ്ദേഹത്തിന്റെ ഇടവകയായ ഭരണങ്ങാനം ഫൊറോന പള്ളിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആചരിക്കുമെന്ന് ഈറ്റയ്ക്ക ക്കുന്നേൽ കുടുംബയോഗം ജനറൽ കൺവീനർ പ്രമോദ് ഈറ്റയ്ക്കക്കുന്നേൽ അറിയിച്ചു.