News - 2024

കത്തോലിക്ക മെത്രാന്മാരുടെ എതിർപ്പ് വകവെച്ചില്ല: ഭ്രൂണഹത്യ അനുകൂല നയത്തിന് പിന്നാലെ സ്വവർഗ്ഗ വിവാഹ ബില്ലിലും ഒപ്പുവെച്ച് ജോ ബൈഡൻ

പ്രവാചകശബ്ദം 14-12-2022 - Wednesday

വാഷിംഗ്ടണ്‍ ഡി‌.സി: കത്തോലിക്കാ മെത്രാന്മാര്‍ ഉയര്‍ത്തിയ ശക്തമായ എതിർപ്പ് വകവക്കാതെ സ്വവർഗ്ഗ വിവാഹത്തിന് ദേശീയതലത്തിൽ കൂടുതൽ അവകാശങ്ങൾ നൽകുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് അമേരിക്കൻ പ്രസിഡന്റ് 'റെസ്പെക്ട് ഫോർ മാര്യേജ് ആക്ട്' എന്ന പേരുള്ള ബില്ലിൽ ഒപ്പുവെച്ചത്.

പുതിയ ബില്‍ പാസ്സായതോടെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ നിർവചിച്ചിരുന്ന ഡിഫൻസ് ഓഫ് മാര്യേജ് ആക്ട് ഔദ്യോഗികമായി അസാധുവാകും. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്ക് അനുസൃതമായി സ്ത്രീയും, പുരുഷനും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്ന നിര്‍വചനത്തിന് വിരുദ്ധമായ നിലപാടിനെ തുടര്‍ന്നാണ് കത്തോലിക്കാ മെത്രാന്മാർ ബില്ലിനെതിരെ രംഗത്തുവന്നത്.

ഡിസംബർ എട്ടാം തീയതിയാണ്, ജനപ്രതിനിധിസഭ 169 വോട്ടുകൾക്കെതിരെ 258 വോട്ടുകൾക്കു ബില്ല് പാസാക്കി പ്രസിഡന്റിന് അയച്ചത്. നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കത്തോലിക്കാ സഭയുടെ പ്രസ്ഥാനങ്ങളുടെയും, വിശ്വാസികളുടെയും, പരമ്പരാഗത വിവാഹത്തിൽ വിശ്വസിക്കുന്നവരുടെയും മേൽ സമ്മർദ്ദം ഉണ്ടാകും എന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കൻ കോൺഗ്രസിന് നവംബർ മാസം കത്തോലിക്കാ മെത്രാൻ സമിതി കത്ത് എഴുതിയിരുന്നു. കർദ്ദിനാൾ തിമോത്തി ഡോളനും, വിനോന- റോചസ്റ്റർ മെത്രാൻ റോബർട്ട് ബാരനുമാണ് കത്തിൽ ഒപ്പിട്ടിരുന്നത്.

ഇതിനിടയിൽ വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ പാടുള്ളൂ എന്ന് വിശ്വസിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടി ടെക്സാസിൽ നിന്നുള്ള ജനപ്രതി സഭാംഗം ചിപ് റോയ് കൊണ്ടുവന്ന ഭരണഘടന ഭേദഗതിയും ബില്ലിൽ ഉൾക്കൊള്ളിക്കാൻ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ തയ്യാറായിരുന്നില്ല. മെത്രാന്മാരുടെ പിന്തുണയുണ്ടായിരുന്ന ഈ ഭരണഘടന ഭേദഗതി സെനറ്റിൽ പാസാക്കാൻ മൈക്ക് ലീ എന്ന സെനറ്റർ ശ്രമം നടത്തിയിരുന്നുവെങ്കിലും ആ ശ്രമവും വിഫലമായി.



ഭ്രൂണഹത്യ എന്ന മാരക തിന്മയെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് നേതാവു കൂടിയാണ് യുഎസ് പ്രസിഡന്‍റ് ബൈഡന്‍. കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകള്‍ നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം രാജ്യത്തു വളരെ ശക്തമാണ്. നിരവധി മെത്രാന്‍മാരും ഇതിനെ പിന്താങ്ങുന്നുണ്ട്. ഭ്രൂണഹത്യ എന്ന തിന്മയ്ക്കൊപ്പം സ്വവര്‍ഗ്ഗബന്ധത്തെയും പ്രോത്സാഹിപ്പിച്ചുക്കൊണ്ടുള്ള ബൈഡന്‍റെ നിലപാട് വരും നാളുകളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »