India - 2025

ക്രൈസ്തവരുടെ പ്രതിഷേധത്തിന് ഫലം: എൻഎസ്എസ് ക്യാമ്പ് തീയതി മാറ്റിനിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്

പ്രവാചകശബ്ദം 21-12-2022 - Wednesday

കൊച്ചി: ക്രൈസ്തവര്‍ ഉയര്‍ത്തിയ വ്യാപകമായ പ്രതിഷേധത്തിന് ഒടുവില്‍ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഡിസംബർ 24 മുതൽ നടത്താനിരിന്ന എൻഎസ്എസ് ക്യാമ്പ് പുനഃക്രമീകരിച്ചു. കെ‌സി‌ബി‌സി അടക്കം ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ എൻഎസ്എസ് ക്യാമ്പ് 24നു പകരം ഡിസംബർ 26 ന് ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ ഡിസംബര്‍ 26 മുതൽ ആരംഭിക്കാനുള്ള രണ്ടാമത് ഓപ്‌ഷൻ കൂടി ഉണ്ടായിരുന്നെങ്കിലും ഒട്ടേറെ ക്രൈസ്തവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ക്രിസ്തുമസ് ദിവസം ക്യാംപിൽ പങ്കെടുക്കേണ്ടതായി വന്നേക്കാം എന്നുള്ളതിനാലാണ് അത്തരമൊരു തീരുമാനത്തോട് അനേകർ വിയോജിപ്പ് പ്രകടിപ്പിച്ചത്.

കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാ ബാവ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുകയും ഈ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. അനുഭാവപൂർവ്വമായ ഇടപെടൽ നടത്താമെന്ന് മന്ത്രിമാർ കർദ്ദിനാളിനെ അറിയിക്കുകയുണ്ടായി. ക്യാമ്പ് പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് അല്പം മുന്‍പാണ് പുറപ്പെടുവിച്ചത്. ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തി ദിനമാക്കുന്നതിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു.


Related Articles »