News - 2024

ആധുനിക തുര്‍ക്കിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ആദ്യ ക്രിസ്ത്യന്‍ ദേവാലയം വെഞ്ചരിപ്പിനായി ഒരുങ്ങുന്നു

പ്രവാചകശബ്ദം 10-01-2023 - Tuesday

ഇസ്താംബൂള്‍: ആധുനിക തുര്‍ക്കി റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ക്രിസ്ത്യന്‍ ദേവാലയം വെഞ്ചരിപ്പിനായുള്ള അവസാന തയ്യാറെടുപ്പുകളില്‍. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ബാക്കിര്‍കോയ് ജില്ലയിലെ മോര്‍ എഫ്രേം (വിശുദ്ധ എഫ്രേം) സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയം 2 മാസങ്ങള്‍ക്കുള്ളില്‍ ആരാധനയ്ക്കായി തുറന്നു നല്‍കും. ദേവാലയത്തിന്റെ അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2019-ല്‍ തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോര്‍ഗന്റെ സാന്നിധ്യത്തിലായിരുന്നു ദേവാലയത്തിന് കല്ലിട്ടത്.

യെസില്‍ക്കോയ് പട്ടണത്തിന്റെ സമീപത്തുള്ള ലത്തീന്‍ സെമിത്തേരിക്ക് സമീപം ഒഴിവായിക്കിടന്നിരുന്ന 700 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് അഞ്ച് നിലകളുള്ള പുതിയ ദേവാലയം ഉയരുന്നത്. തുര്‍ക്കിയിലെ 17,000-ത്തോളം വരുന്ന അസ്സീറിയന്‍ സമൂഹത്തിന്റെ ആരാധനാപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള രണ്ടാമത്തെ ദേവാലയമാണിത്. തറനിരപ്പിനോട് ചേര്‍ന്നുള്ള നിലയില്‍ സ്വീകരണ മുറിയും, അതിഥികള്‍ക്ക് വേണ്ടിയുള്ള മുറികളും പാര്‍ക്കിംഗ് സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് നിലകളില്‍ ഒരു നില സാംസ്കാരിക പരിപാടികള്‍ക്കും, വിശുദ്ധ കുര്‍ബാനക്ക് ശേഷമുള്ള ഒത്തുകൂടലുകള്‍ക്കും, മാമ്മോദീസ, വിവാഹം, അനുശോചനം, യോഗങ്ങള്‍ പോലെയുള്ള പരിപാടികള്‍ക്കായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തൂക്ക് വിളക്കുകളും, ശബ്ദ സംവിധാനങ്ങളും ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.

1844-ല്‍ ബെയോഗ്ലു ജില്ലയില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയം മുഴുവന്‍ അസ്സീറിയന്‍ സമൂഹത്തിന്റെ ആരാധനാപരമായ ആവശ്യങ്ങള്‍ക്ക് മതിയാകാതെ വന്നപ്പോള്‍ തങ്ങളുടെ ആരാധനകള്‍ക്ക് അനുയോജ്യമല്ലെങ്കില്‍ പോലും, ഇതര ക്രിസ്ത്യന്‍ സഭാ വിഭാഗങ്ങളുടെ കീഴിലുള്ള ആറോളം ദേവാലയങ്ങളെ തങ്ങള്‍ ആശ്രയിച്ച് വരികയായിരുന്നെന്നും ഈ സാഹചര്യത്തിലാണ് പുതിയ ദേവാലയത്തേക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്നും ഇസ്താംബൂളിലെ അസ്സീറിയന്‍ ആന്‍ഷ്യന്റ് ഫൗണ്ടേഷന്റെ തലവനായ സെയിത് സുസിന്‍ പറഞ്ഞു.

ചരിത്രപരമായ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ മാതൃകയിലാണ് പുതിയ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞ സുസിന്‍, ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളും, അസ്സീറിയന്‍ സമൂഹത്തിന്റെ ഗണ്യമായ സാന്നിധ്യമുള്ള മാര്‍ഡിനിലെ ദേവാലയങ്ങളുടെ നിര്‍മ്മാണ സവിശേഷതകളും കണക്കിലെടുത്താണ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണമെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്താംബൂളിലെ ചരിത്രപ്രാധാന്യമേറിയ ഹാഗിയ സോഫിയ ഉള്‍പ്പെടെയുള്ള പൗരാണിക ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മുസ്ലീം മോസ്കുകളാക്കി പരിവര്‍ത്തനം ചെയ്തതിന്റെ നടുക്കം വിട്ടുമാറാത്ത തുര്‍ക്കി ക്രൈസ്തവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത.


Related Articles »