Youth Zone

സ്വവര്‍ഗ്ഗ ബന്ധം ബൈബിളിനും ദൈവീക പദ്ധതിയ്ക്കും വിരുദ്ധം: കോപ്റ്റിക് സഭാതലവന്‍ പാത്രിയാര്‍ക്കീസ് തവദ്രോസ്

പ്രവാചകശബ്ദം 17-01-2023 - Tuesday

കെയ്റോ: സ്വവര്‍ഗ്ഗാനുരാഗം ബൈബിളിനും, ആദിപിതാവായ ആദാമിനെയും, ഹവ്വയെയും സൃഷ്ടിച്ച ദൈവത്തിന്റെ സൃഷ്ടിപരമായ പദ്ധതിയ്ക്കും നിരക്കാത്തതാണെന്ന് ആവര്‍ത്തിച്ച് കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍. ഈജിപ്ഷ്യന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്. കോപ്റ്റിക് സഭയുടെ കീഴിലുള്ള കിന്റര്‍ഗാര്‍ട്ടനുകളിലും, പ്രൈമറി സ്കൂളുകളിലും പഠിക്കുന്ന ആണ്‍കുട്ടികളെയും, പെണ്‍കുട്ടികളെയും ലിംഗഭേദം, ലൈംഗീകത എന്നിവ സംബന്ധിച്ച വിഷയങ്ങളിലെ ബൈബിളിന് നിരക്കാത്ത പ്രബോധനങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി നടപ്പിലാക്കിയ പ്രത്യേക പരിപാടിയേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ലൈംഗീക ധാര്‍മ്മികതയുമായി ബന്ധപ്പെട്ട് കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ പാത്രിയാര്‍ക്കേറ്റ് ഇതിനോടകം തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ സ്ഥിരീകരണമായിരുന്നു പോപ്‌ തവദ്രോസ് രണ്ടാമന്റെ ഈ പരാമര്‍ശം.

മുന്‍പ് പല അവസരങ്ങളിലും ക്രിസ്തീയ വിവാഹത്തിന്റെ വിശുദ്ധിയേയും ധാര്‍മ്മികതയെയും കുറിച്ച് പല തവണ ശക്തമായി ശബ്ദം ഉയര്‍ത്തിയിട്ടുള്ള വ്യക്തിയാണ് തവദ്രോസ് രണ്ടാമന്‍. വിശുദ്ധ ലിഖിതങ്ങളില്‍ പറയുന്നതനുസരിച്ച് ദൈവമാണ് പുരുഷനേയും, സ്ത്രീയേയും സൃഷ്ടിച്ചത്. അതിനാല്‍ പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ വിവാഹബന്ധം പാടുള്ളൂ. ഇക്കാരണത്താല്‍ ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ വിവാഹം സ്വീകാര്യമല്ലായെന്നും ക്രിസ്തീയ വിശ്വാസം ഇതിനെ പാപമായിട്ടാണ് കരുതുന്നതെന്നും 2017-ല്‍ അജപാലക സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയിലെത്തിയ തവദ്രോസ് രണ്ടാമന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരിന്നു.

2017 സെപ്റ്റംബര്‍ 27-ന് നല്‍കിയ പൊതു പ്രഭാഷണത്തിനിടയിലും അദ്ദേഹം സ്വവര്‍ഗ്ഗവിവാഹം പാപമാണെന്ന് ആവര്‍ത്തിച്ചിരിന്നു. “ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. ശാരീരികമായി ഒരാളെ മറ്റേയാള്‍ക്കു വേണ്ടി നിശ്ചയിച്ചു. സ്വവര്‍ഗ്ഗഭോഗപരമായ വികാരങ്ങള്‍ അനുഭവിക്കുന്നവരെ സഭ കലവറയില്ലാതെ സ്വീകരിക്കുന്നു, അവര്‍ ആ അനുഭവങ്ങള്‍ മൂലം വിവേചനയ്ക്ക് ഇരയാകരുത്. അതേസമയം സ്വവര്‍ഗഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവ ആയാലും, സൃഷ്ടിയുടെ ക്രമത്തിനു വിരുദ്ധമാണെന്ന് സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു” (YOUCAT 415) എന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്ന് വിശ്വാസ തിരുസംഘം അസന്നിഗ്ദമായി വ്യക്തമാക്കിയിരിന്നു. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ പുറത്തുവിട്ട പ്രസ്താവനയില്‍, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും ഒപ്പിട്ട വിശദീകരണ കുറിപ്പില്‍ പ്രത്യേകം സൂചിപ്പിച്ചിരിന്നു.

Tag: Coptic Patriarch Tawadros II: homosexuality contradicts God's plan, Patriarch Tawadros II malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക