News - 2024

നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികൻ മോചിതനായി

പ്രവാചകശബ്ദം 19-01-2023 - Thursday

അബൂജ: നൈജീരിയയിലെ തെക്ക് - പടിഞ്ഞാറന്‍ സംസ്ഥാനമായ ഏകിതിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ വൈദികനായ റവ. ഫാ. മൈക്കേല്‍ ഒലുബുനിമി ഒലോഫിന്‍ലാഡെ മോചിതനായി. വൈദികനെ ബന്ദികളാക്കിയവർ ഇന്നലെ വൈകുന്നേരത്തോടെ മോചിപ്പിക്കുകയായിരിന്നുവെന്ന് രൂപത പ്രസ്താവനയിൽ അറിയിച്ചു. വൈദികനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയോ എന്നുള്ള കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാൽ വൈദികനെ എകിതിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

അജപാലക ആവശ്യത്തിനായി ഇടവകയ്ക്കു പുറത്തുപോയി മടങ്ങുന്ന വഴി ജനുവരി 14 ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ഇടവക ദേവാലയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള ഇതാജി-എകിതിക്കും, ഇജേലു എകിതിക്കും ഇടയില്‍വെച്ചാണ് വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഒയെ പ്രാദേശിക സര്‍ക്കാരിന്റെ കീഴിലുള്ള ഒമു എകിതിയിലെ സെന്റ്‌ ജോര്‍ജ്ജ് ഇടവക വികാരിയാണ് അദ്ദേഹം. മോചന ദ്രവ്യം ആവശ്യപ്പെട്ട് ഇസ്ലാമിക തീവ്രവാദികൾ അടക്കമുള്ള അക്രമികൾ കത്തോലിക്ക വൈദികരെയും സന്യാസിനികളെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുന്നത് രാജ്യത്ത് പതിവ് സംഭവമാണ്. അതേസമയം ഓപ്പൺ ഡോഴ്സ് ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 5014 ക്രൈസ്തവരാണ് നൈജീരിയയിൽ മാത്രം കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്.

More Archives >>

Page 1 of 816