News

ക്രൈസ്തവ വിരുദ്ധ പീഡനം 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ; ഓപ്പൺ ഡോർസ് റിപ്പോർട്ട് പുറത്ത്

പ്രവാചകശബ്ദം 19-01-2023 - Thursday

റോം: ക്രൈസ്തവ വിരുദ്ധ പീഡനം 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് വെളിപ്പെടുത്തുന്ന ഓപ്പൺ ഡോർസ് റിപ്പോർട്ട് പുറത്ത്. ഇന്നലെ ജനുവരി പതിനെട്ടാം തീയതി പുറത്തുവന്ന വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം പീഡനം ഏൽക്കുന്ന ക്രൈസ്തവരുടെ എണ്ണം 2022ൽ 36 കോടിയായി തുടരുകയാണ്. ഏറ്റവും കൂടുതൽ ക്രൈസ്തവർ പീഡനം ഏൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു ഉത്തര കൊറിയ മടങ്ങിയെത്തി.

താലിബാൻ രാജ്യം പിടിച്ചടക്കിയതിനുശേഷം അഫ്ഗാനിസ്ഥാനായിരുന്നു ഈ പട്ടികയിൽ ആദ്യം ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ക്രൈസ്തവർ കൊല്ലപ്പെടുകയോ, പലായനം ചെയ്യുകയോ, ഒളിവിൽ ആയിരിക്കുകയോ ചെയ്യുന്നതിനാൽ അഫ്ഗാനിസ്ഥാൻ ഇത്തവണ ഒൻപതാം സ്ഥാനത്താണ് ഉള്ളതെന്ന് ഓപ്പൺ ഡോർസിന്റെ ഇറ്റാലിയൻ അധ്യക്ഷ പദവി വഹിക്കുന്ന ക്രിസ്റ്റ്യൻ നാനി പറഞ്ഞു.

അവിടെ നിലവിലുള്ള ക്രൈസ്തവർ ആദിമ കാലഘട്ടത്തിലെ ക്രൈസ്തവരെ പോലെയാണ് ജീവിക്കുന്നതെന്ന് വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് ഇറ്റലിയുടെ ചേമ്പർ ഓഫ് ഡെപ്യൂട്ടിസിൽ അവതരിപ്പിക്കുന്നതിനിടയിൽ നാനി പറഞ്ഞു. മുൻപിലുള്ള ഏകമാർഗ്ഗം അതായതിനാൽ, അവർ വിശ്വാസത്തിൽ രഹസ്യമായിട്ടാണ് ജീവിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നതിനാൽ 'അഭയാർത്ഥി സഭ' എന്നൊരു പ്രതിഭാസം ഉണ്ടാകുന്നതിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ക്രിസ്റ്റ്യൻ നാനി കൂട്ടിച്ചേർത്തു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ, സോമാലിയ, ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. ചൈന ഈ പട്ടികയിൽ പതിനാറാം സ്ഥാനത്താണ് ഉള്ളത്.

സബ്-സഹാറൻ ആഫ്രിക്കയിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായിരിക്കുകയാണെന്ന് ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടിൽ പറയുന്നു. 5014 ക്രൈസ്തവരാണ് നൈജീരിയയിൽ മാത്രം കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. ക്രൈസ്തവിരുദ്ധ പീഡനത്തിന് ഇരകളായവർക്ക് സഹായം നൽകാനും, പീഡനങ്ങൾക്ക് അറുതി വരുത്താനും ഓപ്പൺ ഡോർസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രിസ്റ്റ്യൻ നാനി കൂട്ടിചേർത്തു.

ഇതിനിടയിൽ ബുധനാഴ്ച ദിവസത്തെ പൊതുകൂടിക്കാഴ്ച ചടങ്ങിനിടയിൽ ലോകമെമ്പാടും പീഡനം ഏൽക്കുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച, കൊള്ളക്കാർ തീകൊളുത്തി കൊലപ്പെടുത്തിയ ഫാ. ഐസക്ക് ആച്ചി എന്ന നൈജീരിയൻ വൈദികന് വേണ്ടി താൻ പ്രാർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു.


Related Articles »