News - 2024
തെക്കൻ സുഡാനിലേക്കും കോംഗോയിലേക്കുമുള്ള പാപ്പയുടെ അപ്പസ്‌തോലിക തീര്‍ത്ഥാടനത്തിന് ഇന്ന് ആരംഭം
പ്രവാചകശബ്ദം 31-01-2023 - Tuesday
വത്തിക്കാന്‍ സിറ്റി: സമാധാന തീര്‍ത്ഥാടനവുമായി തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും ഫ്രാന്‍സിസ് പാപ്പ നടത്തുന്ന അപ്പസ്തോലിക യാത്രയ്ക്കു ഇന്നു തുടക്കമാകും. ഇന്നു ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ നീണ്ടു നില്‍ക്കുന്നതാണ് സന്ദര്‍ശനം. സന്ദർശനത്തിന്റെ ആദ്യ പാദമായ ഇന്നു ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ ഫ്രാൻസിസ് പാപ്പാ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലായിരിക്കും ചെലവഴിക്കുക. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ തങ്ങുന്ന പാപ്പ, പ്രാദേശിക സമൂഹത്തിന്റെ അധികാരികളും, കിഴക്കൻ സംഘർഷത്തിന്റെ ഇരകളും, പ്രാദേശിക സഭാശുശ്രൂഷകരുമായും കൂടിക്കാഴ്ചകൾ നടത്തും.
വെള്ളിയാഴ്ച, തെക്കൻ സുഡാനിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം തലസ്ഥാനമായ ജൂബായിൽ ആയിരിക്കും തങ്ങുക. അവിടെ വിവിധ സഭകളുമായും പൊതു സംഘടനകളുമായും, പ്രത്യേകിച്ച് സംഘർഷം മൂലം സ്വന്തം നാടുവിട്ട് മാറി താമസിക്കേണ്ടി വന്നവരുമായും കൂടിക്കാഴ്ചകൾ നടത്തും. ഫെബ്രുവരി 5 ഞായറാഴ്ച തെക്കൻ സുഡാനിലെ വിശ്വാസികളുമൊത്ത് ദിവ്യബലിയർപ്പിച്ച ശേഷം പാപ്പ റോമിലേക്ക് മടങ്ങും. തന്റെ നാല്‍പ്പതാമത്തെ അപ്പസ്തോലിക യാത്രയ്ക്കു മുന്‍പായി ഫ്രാൻസിസ് പാപ്പ ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കുമുള്ള സന്ദേശം ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനാ മദ്ധ്യേ വായിച്ചു. രണ്ടു രാജ്യങ്ങളിലേയും പൗരാധികാരികൾക്കും മെത്രാന്മാർക്കും അവർ നൽകിയ ക്ഷണത്തിനും തന്റെ സന്ദർശനത്തിനായി നടത്തിയ ഒരുക്കങ്ങൾക്കും പാപ്പ നന്ദി പറഞ്ഞു.
ആയുധ പോരാട്ടങ്ങളാലും ചൂഷണങ്ങളാലും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കൻ ഭാഗങ്ങൾ പ്രത്യേകിച്ചും ദുരിതത്തിലാണെന്നു പാപ്പ ഞായറാഴ്ച അനുസ്മരിച്ചിരിന്നു. വര്‍ഷങ്ങളായുള്ള യുദ്ധങ്ങളാൽ തകർക്കപ്പെട്ട തെക്കൻ സുഡാനിൽ നിന്ന് പലായനം ചെയ്യപ്പെട്ടു അതിദുരിതമായ അവസ്ഥയിൽ കഴിയുന്ന ജനങ്ങൾ, ഇന്നും തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുകയാണെന്നും തന്നെ കാത്തിരിക്കുന്ന ജനങ്ങൾക്ക് ഹൃദയംഗമമായ അഭിവാദനങ്ങൾ അര്‍പ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ 40-ാമത് അപ്പോസ്തോലിക പ്രയാണത്തിനായി കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും പുറപ്പെടുന്നതിന്റെ തലേന്ന്, ഇന്നലെ റോമിലെ മേരി മേജർ ബസിലിക്ക സന്ദർശിച്ചു ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചിരിന്നു.